രണ്ട് ദിവസത്തിനുള്ളിൽ നല്ല ഫലം ;ഓപറേഷൻഗം​ഗ ഉടൻ പൂർത്തിയാകും-കേന്ദ്രമന്ത്രി വികെ സിങ്; റഷ്യ ആക്രമണം തുടരുന്നു

By Prasanth ReghuvamsomFirst Published Mar 6, 2022, 5:47 AM IST
Highlights

3 പ്രത്യേക വിമാനങ്ങൾ ഇതുവരെ പോളണ്ടിൽ നിന്ന് സർവ‌ീസ് നടത്തി.ഇതിനെല്ലാം കേന്ദ്ര സർക്കാരാണ് ചുക്കാൻ പിടിച്ചത്.വ്യോമസേനയുടെ ഒരു വിമാനം കൂടി ഇന്നുണ്ടാകും.കർഖീവിൽ നിന്ന് രക്ഷപ്പെട്ട കൂടുതൽ പേർ ലിവീവിലെത്തിയിട്ടുണ്ടെന്നും പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്ക് പറഞ്ഞു

പോളണ്ട്: യുക്രൈനിൽ(ukraine) നിന്നുള്ള ഇന്ത്യാക്കാരെ രക്ഷപ്പെടുത്തുന്നതിനുളള രക്ഷാദൗത്യമായ ഓപറേഷൻ ​ഗം​ഗ (operation ganga)വൈകാതെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ് (central minister vk singh). പോളണ്ടില്‍ എത്തിയ ആദ്യത്തെ മലയാള വാര്‍ത്ത ചാനല്‍ പ്രതിനിധി ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രശാന്ത് രഘുവംശത്തോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രണ്ടു ദിവസത്തിൽ നല്ല ഫലം ഉണ്ടാകും. പരിഭ്രാന്തിയുണ്ടാകുക സ്വഭാവികമാണ്. ഓരോ രക്ഷാദൗത്യവും വ്യത്യസ്തമാണ്. എല്ലാവർക്കും സുരക്ഷിതത്വം പ്രധാനമന്ത്രി ഉറപ്പാക്കും. വോളണ്ടിയർമാരുടെ സേവനം രക്ഷാ പ്രവർത്തനച‌ത്തെ വേണ്ടവിധത്തിൽ സഹായിച്ചുവെന്നും കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ് പറഞ്ഞു.

ഇന്ത്യയുടെ രക്ഷാ ദൗത്യത്തിൽ സംതൃപ്തിയെന്ന്‌ പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്ക്. എല്ലാ കാര്യങ്ങളും നന്നായി ഏകോകിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോഴും ഏകോപനം നന്നായി നടക്കുന്നുണ്ട്. 13 പ്രത്യേക വിമാനങ്ങൾ ഇതുവരെ പോളണ്ടിൽ നിന്ന് സർവ‌ീസ് നടത്തി.ഇതിനെല്ലാം കേന്ദ്ര സർക്കാരാണ് ചുക്കാൻ പിടിച്ചത്.വ്യോമസേനയുടെ ഒരു വിമാനം കൂടി ഇന്നുണ്ടാകും.കർഖീവിൽ നിന്ന് രക്ഷപ്പെട്ട കൂടുതൽ പേർ ലിവീവിലെത്തിയിട്ടുണ്ടെന്നും പോളണ്ടിലെ ഇന്ത്യൻ അംബാസഡർ നഗ്മ മല്ലിക്ക് പറഞ്ഞു. കാസർഗോഡ് സ്വദേശിയാണ് നഗ്മ എം മല്ലിക്ക്

യുക്രെയൻ നഗരങ്ങളിൽ റഷ്യ പ്രഖ്യാപിച്ച വെടിനിർത്തലിനിടെയും ആക്രമണം തുടരുകയാണ്. മരിയോ പോളിൽ ഉൾപ്പെടെ റഷ്യൻ സേനയുടെ ആക്രമണം ഉണ്ടായി. അതിനിടെ നാറ്റോയോട് യുക്രെയ്ൻ കൂടുതൽ പോർവിമാനങ്ങൾ ആവശ്യപ്പെട്ടു. റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത നിരോധിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി, യുഎസ് സെനറ്റിലും ആവശ്യമുയർത്തി. ഉപരോധവുമായി മുന്നോട്ട് പോയാൽ കനത്ത പ്രത്യാഘാതമെന്നാണ് പുടിന്‍റെ മുന്നറിയിപ്പ്. അതിനിടെ റഷ്യ, യുക്രെയ്ൻ മൂന്നാംവട്ട സമാധാന ചർച്ച നാളെ നടക്കും. 

യുക്രെയ്ന്‍ സംഘര്‍ഷം ചര്‍ച്ചചെയ്യാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി മോസ്കോയിലെത്തി. യൂറോപ്യന്‍ രാജ്യങ്ങളിലെ കൂടുതല്‍ നേതാക്കളുമായി റഷ്യന്‍ അധിനിവേശം ചര്‍ച്ചചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും അറിയിച്ചു. യുക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്കായി 500 മില്ല്യന്‍ യൂറോയുടെ സാന്പത്തിക സഹായം യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു. 

സുമിയിലെ രക്ഷാദൗത്യത്തിൽ ആശങ്ക വേണ്ടെന്ന് യുകെയ്നിലെ ഇന്ത്യൻ എംബസി അറിയിച്ചു . കുടുങ്ങി കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കും.സംഘർഷാവസ്ഥയിൽ അയവ് വരും വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും എംബസി നിർദ്ദേശിച്ചു.

അതേസമയം യുക്രൈനിൽ ഷെല്ലാക്രമണത്തിൽ  കർണാടക സ്വദേശിയായ വിദ്യാർഥി മരിച്ച സഹചര്യത്തെക്കുറിച്ച് തല്ക്കാലം കൂടുതൽ വിവരങ്ങൾ ഇല്ല. അതിർത്തി കടന്നെത്തിയ യുക്രൈൻ അഭയാർത്ഥികൾക്കായി പോളണ്ട് സർക്കാരും സന്നദ്ധ സംഘടനകളും നൽകുന്നത് വലിയ ആശ്വാസം ആണ്. തളർന്നെത്തുന്നവർക്ക് സഹായം നല്കാൻ നിരവധി ക്യാംപുകളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.യുക്രെയ്ൻ പോളണ്ട് അതിർത്തിയിലെ ബുദോമിസ് ക്യാംപുകളിൽ സുമിയിൽ നിന്നുള്ള രക്ഷാദൗത്യത്തിനായി ഇന്ത്യയും തയാറായി കഴിഞ്ഞു. ആയിരത്തിലേറെ പേരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ഷെല്ലാക്രമണം തുടരുന്നതിനാൽ രക്ഷാദൗത്യം ദുഷ്കരമെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്.
സുമിയടക്കമുള്ള കിഴക്കൻ യുക്രൈൻ നഗരങ്ങളിൽ വെടിനിർത്തലിനായി ഇന്ത്യ സമ്മർദ്ദം തുടരുകയാണ്.പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നഉന്നതതല യോഗത്തിൽ ഇക്കാര്യം ചർച്ചയായി.

ഓപ്പറേഷൻ ഗംഗയിലൂടെ 2800 പേരെ കൂടി ഇന്ന് ഇന്ത്യയിലെത്തിക്കും.13 വിമാനങ്ങൾ ഇന്ന് രക്ഷാദൗത്യത്തിൽ പങ്കെടുക്കും.ഇതുവരെ 63 വിമാനങ്ങളിലായി 13300 പേരെ തിരികെയെത്തിച്ചു. ദില്ലിയിലെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ പ്രത്യേകവിമാനങ്ങളും സജ്ജീരിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ കേരളഹൗസിൽ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.

വെല്ലുവിളിയായി സുമിയിലെ രക്ഷാദൗത്യം

കര്‍ഖീവ്, പിസോച്ചിന്‍ നഗരങ്ങളില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശ കാര്യമന്ത്രാലയം.സുമിയിലെ രക്ഷാ ദൗത്യം വെല്ലുവിളിയായി തുടരുകയാണ് . കര്‍ഖീവില്‍ 300  ഉം പിസോച്ചിനില്‍ 298 ഉം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നായിരുന്നു വിദേശ കാര്യ മന്ത്രാലയത്തിന്‍റെ കണക്ക്. എംബസി ഒരുക്കിയ ബസുകളില്‍ ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. രക്ഷാദൗത്യം വൈകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ച സുമിയാണ് വെല്ലുവിളിയായി മുന്‍പിലുള്ളത്. ഷെല്ലാക്രമണം ഇപ്പോഴും തുടരുന്നതിനാല്‍ രക്ഷാ ദൗത്യം നടത്താനാകുന്നില്ല. വിദേശ കാര്യമന്ത്രാലയം നല്‍കിയ മുന്നറിയിപ്പുകള്‍ പാലിച്ച് സുരക്ഷിതരായി തുടരാനാണ് കുടുങ്ങി കിടക്കുന്ന. ആയിരത്തോളം പേര്‍ക്കുള്ള നിര്‍ദ്ദേശം. സുമിയടക്കമുള്ള കിഴക്കന്‍ യുക്രൈന്‍ നഗരങ്ങളില്‍ കൂടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള സമ്മര്‍ദ്ദം ഇന്ത്യ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

വെടിനിർത്തൽ കഴിഞ്ഞു, യുദ്ധം തുടരുന്നു

യുക്രൈൻ-റഷ്യ യുദ്ധം ശക്തമായി തുടരുന്നു. താത്കാലിക വെടിനിർത്തൽ ഇടയ്ക്ക് പ്രഖ്യാപിച്ചെങ്കിലും അത് അവസാനിപ്പിക്കുന്നതായി രാത്രിയോടെ വ്യക്തമാക്കിയ റഷ്യ യുദ്ധം പുനഃരാരംഭിച്ചതായും അറിയിച്ചു. അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി മോസ്‌കോയിലെത്തി. റഷ്യൻ പ്രസിഡന്‍റ് പുടിനുമായടക്കം ഇസ്രായേൽ പ്രധാനമന്ത്രി ച‍ർച്ച നടത്തും. യുക്രൈൻ യുദ്ധമടക്കം സന്ദർശനത്തിൽ ചർച്ചയാകും.

നാറ്റോയുമായി യുദ്ധത്തിനും സജ്ജമെന്ന് പുടിൻ

യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ രംഗത്തെത്തി. യുക്രൈന് മേൽ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി അടക്കം നാറ്റോയോട് അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക ഇത് തള്ളിക്കളഞ്ഞിരുന്നു. അത്തരമൊരു നീക്കം നടത്തിയാൽ അത് വൻയുദ്ധത്തിൽ കലാശിക്കുമെന്നാണ് അമേരിക്ക യുക്രൈൻ ആവശ്യം നിരസിച്ചുകൊണ്ട് പുടിൻ പറഞ്ഞത്. ഏതെങ്കിലും നാറ്റോ രാജ്യം യുക്രൈന് മേൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചാൽ വെറുതെയിരിക്കില്ലെന്ന് പുടിൻ പ്രഖ്യാപിക്കുമ്പോൾ എല്ലാം മുന്നിൽ കണ്ട് കച്ച കെട്ടിയാണ് പുടിൻ മുന്നോട്ട് പോകുന്നതെന്ന് വ്യക്തം. യുക്രൈന്‍റെ ആവശ്യം നാറ്റോ തള്ളിയതിനെത്തുടർന്ന് ശക്തമായ വിമർശനമാണ് സെലൻസ്കി അംഗരാജ്യങ്ങൾക്കെതിരെ ഉന്നയിച്ചത്. രാജ്യത്ത് ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങൾക്കും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്നും സെലൻസ്കി പറഞ്ഞു. എന്നാൽ നാറ്റോ - റഷ്യ ഏറ്റുമുട്ടലാണ് സെലൻസ്കിയുടെ ആഗ്രഹമെന്നായിരുന്നു ഇതിന് റഷ്യ മറുപടി നൽകിയത്.

click me!