ആമസോൺ കാട്ടുതീ; സഹായഹസ്തവുമായി ജി ഏഴ് ഉച്ചക്കോടി

By Web TeamFirst Published Aug 25, 2019, 9:25 PM IST
Highlights

ആമസോൺ കാടുകളിൽ നൂറിലധികം സ്ഥലത്ത് വീണ്ടും തീ കണ്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. ബ്രസീൽ സ്പേസ് റിസേർച്ച് സെന്‍റർ പുറത്തുവിട്ട കണക്ക് പ്രകാരം 1,200 പുതിയ സ്ഥലങ്ങളിലാണ് തീ കണ്ടെത്തിയത്. 

ഫ്രാൻസ്: ആമസോണിൽ കാട്ടുതീയുണ്ടായ രാജ്യങ്ങളെ സഹായിക്കാൻ ജി ഏഴ് ഉച്ചകോടി തീരുമാനിച്ചതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. കാട്ടുതീ ശക്തമായ ബ്രസീലിനും സമീപരാജ്യങ്ങൾക്കും സഹായം നൽകണമെന്നും വനവത്കരണത്തിന് സഹായിക്കണമെന്നും മാക്രോൺ ഉച്ചകോടിക്ക് മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു.

ആമസോൺ കാടുകളിൽ നൂറിലധികം സ്ഥലത്ത് വീണ്ടും തീ കണ്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. ബ്രസീൽ സ്പേസ് റിസേർച്ച് സെന്‍റർ പുറത്തുവിട്ട കണക്ക് പ്രകാരം 1,200 പുതിയ സ്ഥലങ്ങളിലാണ് തീ കണ്ടെത്തിയത്. തീയണക്കാൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോ സൈന്യത്തെ അയച്ചതിന് പിന്നാലെയാണ് വിവരം പുറത്തു വന്നത്. യൂറോപ്യൻ രാജ്യങ്ങള്‍ ഉപരോധ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് കാട്ടുതീ അണയ്ക്കാൻ സൈന്യത്തെ അയ്ക്കാൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസൊനാരോ തയ്യാറായത്.

വായിക്കാം;ആമസോണ്‍ കാട്ടുതീ: അന്താരാഷ്ട്ര രാഷ്ട്രീയ പ്രശ്നമാകുന്നു; തീ അണയ്ക്കാന്‍ സൈന്യം ഇറങ്ങുന്നു

വെള്ളിയാഴ്ച മുതലാണ് യുഎസിന്‍റെ സൂപ്പർ ടാങ്കറുകൾ ബൊളീവിയ -  ബ്രസീല്‍ അതിര്‍ത്തിയില്‍ എത്തിയത്. 76,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ ജലവര്‍ഷം നടത്തി.

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളായ ആമസോണിൽ അപകടകരമാംവിധം കാട്ടുതീ വർധിച്ചതോടെ ലോകവ്യാപകമായി വലിയ പ്രതിഷേധമാണുയരുന്നത്. പ്രേ ഫോർ ആമസോണിയ, ആക്ട് ഫോർ ദി ആമസോൺ എന്നീ ഹാഷ്ടാഗുകളോടെ സാമൂഹ്യമാധ്യമങ്ങളിൽ വിഷയം കത്തിപ്പടരുകയാണ്.

വായിക്കാം;ആമസോണ്‍ തീക്കാടുകള്‍ക്കു മുകളില്‍ വിമാന ഭീമന്മാരുടെ ജലവര്‍ഷം

ആമസോണിലെ കാട്ടുതീ രാജ്യാന്തര പ്രശ്നമായി മാറിയെന്ന് ഇമ്മാനുവൽ മക്രോ പറഞ്ഞിരുന്നു. നമ്മുടെയെല്ലാം വീടാണ് കത്തിയെരിയുന്നത്. ലോകത്തിനാവശ്യമായതിൽ 20 ശതമാനം ഓക്സിജനും ഉൽപാദിപ്പിക്കുന്ന ഭൂമിയുടെ ശ്വാസകോശത്തിനാണ് തീ പിടിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ജി ഏഴ്  ഉച്ചകോടിയിൽ പ്രധാന അജണ്ടയായി വിഷയം ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 
 

click me!