നേതാവിന്‍റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യം; ഗോത്രവിഭാഗക്കാര്‍ തട്ടിക്കൊണ്ട് പോയവരെ വിട്ടയച്ചു

By Web TeamFirst Published Jul 6, 2020, 4:05 PM IST
Highlights

രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർ, രണ്ട് പട്ടാളക്കാർ, രണ്ട് പ്രദേശവാസികൾ എന്നിവരെയാണ് പെറു അതിർത്തിക്കടുത്തുള്ള കുമയ് ​​ഗ്രാമത്തിൽ നിന്ന് തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയത്. 

ആമസോൺ: കൊറോണ വൈറസ് ബാധ മൂലം മരിച്ച നേതാവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യമുന്നയിച്ച് ആമസോണിലെ ​ഗോത്രവർക്കാർ തട്ടിക്കൊണ്ടുപോയ ആറ് പേരെ വിട്ടയച്ചതായി സർക്കാർ അറിയിച്ചു. രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർ, രണ്ട് പട്ടാളക്കാർ, രണ്ട് പ്രദേശവാസികൾ എന്നിവരെയാണ് പെറു അതിർത്തിക്കടുത്തുള്ള കുമയ് ​​ഗ്രാമത്തിൽ നിന്ന് തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയത്. ഇവരുടെ നേതാവ്  കൊവിഡ് 19 ബാധിച്ച് മരിച്ചിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇയാളുടെ മൃതദേഹം സംസ്കരിച്ചിരുന്നുവെങ്കിലും പിന്നീട് മൃതദേഹം തിരിച്ചെടുത്ത് ഇവർക്ക് തന്നെ നൽകിയിരുന്നു. തെക്ക് കിഴക്കൻ ഇക്വഡോറിലുള്ള ആമസോൺ കാടുകളിലെ പാസ്താസ പ്രവിശ്യയിൽ വച്ചാണ് ഇവർ തട്ടിക്കൊണ്ട് പോയവരെ തിരിച്ചയച്ചത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രി മരിയ പോളോ റോമ ട്വിറ്ററിലൂടെ അറിയിച്ചു. 

ഏകദേശം 600 ലധികം ആളുകൾ ചേർന്നാണ് ഇവരെ തടവിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയത് പോലീസ് കമാൻഡർ ജനറൽ പട്രീഷോ കാരില്ലയാണ്. പ്രത്യേക സംഘമാണ് ​ഗോത്ര നേതാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞ് കുമോയ്  ​ഗ്രാമത്തിലേക്ക് കൊണ്ടുപോയതായി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.  ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതമായ രാജ്യങ്ങളിൽ ഒന്നാണ് ഇക്വഡോർ. 61000 പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 4800 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 


 

click me!