
ഗാസ: യുദ്ധക്കെടുതിയും പട്ടിണിയും രൂക്ഷമായ ഗാസയിൽ നേരിട്ട് സഹായമെത്തിച്ച് അമേരിക്ക. 38,000 ഭക്ഷണപ്പൊതികളാണ് പാരച്യൂട്ട് വഴി ഗാസ മുനമ്പിലെത്തിച്ചത്. ഇസ്രയേൽ - ഹമാസ് യുദ്ധത്തെ തുടർന്ന് പ്രദേശത്ത് പട്ടിണിയും പകർച്ചവ്യാധിയും വ്യാപിക്കുകയാണ്.
സഹായവുമായെത്തിയ ട്രക്കിൽ നിന്നും ഭക്ഷണം വാങ്ങാനായി തടച്ചുകൂടിയവർക്ക് നേരെ ഇസ്രയേൽ സേന നടത്തിയ വെടിവെപ്പിൽ കഴിഞ്ഞ ദിവസം 100 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ വിമർശനം ശക്തമാകുന്നതിനിടെയാണ് ഗാസയിൽ ഭക്ഷണം നേരിട്ടത്തിക്കാൻ അമേരിക്ക തീരുമാനിച്ചത്. നേരത്തെ ജോർദാനും ഈജിപ്തും ഫ്രാൻസും സമാനമായ രീതിയിൽ പാരച്യൂട്ട് വഴി ഗാസയിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്തിരുന്നു. യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ്, ഇസ്രയേൽ യുദ്ധകാല മന്ത്രിസഭാംഗം ബെന്നി ഗാന്‍റ്സുമായി നാളെ കൂടിക്കാഴ്ച നടത്തും.
യുഎസും ജോർദാന്‍റെ വ്യോമസേനയും സംയുക്തമായാണ് ഗാസയിൽ ഭക്ഷണം എയർഡ്രോപ് ചെയ്തത്. സംഘർഷബാധിത മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. വരുന്ന ആഴ്ചകളിലും ജോർദാനുമായി ചേർന്ന് ഭക്ഷണം എയർഡ്രോപ് ചെയ്യുമെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി അറിയിച്ചു.
അതിനിടെ ഗാസയിൽ ഭക്ഷണം കാത്തുനിന്നവരെ കൂട്ടക്കുരുതി ചെയ്തതാണെന്ന ആരോപണം ശരിവയ്ക്കുന്ന വിവരങ്ങൾ ഐക്യരാഷ്ട്രസഭ പുറത്തുവിട്ടു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ശരീരത്തിൽ ബുള്ളറ്റ് കൊണ്ടുള്ള മുറിവുകളുണ്ടെന്ന് യുഎൻ നിരീക്ഷകർ പറഞ്ഞു. അതേസമയം തിക്കിലും തിരക്കിലും പെട്ടാണ് മരണമെന്നാണ് ഇസ്രയേലിന്‍റെ വാദം. ഒക്ടോബർ 7ന് തുടങ്ങിയ ഇസ്രയേൽ - ഹമാസ് യുദ്ധത്തിന് ഇതുവരെ അറുതിയായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam