
വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്ത പാക്കിസ്ഥാന്‍ നടപടിയില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്ക. നേരത്തെയുള്ള അറസ്റ്റുകൾ ഹാഫിസ് സയീദിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെയോ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അമേരിക്ക പറഞ്ഞു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ അടുത്തയാഴ്ച അമേരിക്ക സന്ദര്‍ശിക്കുന്നതിന് മുന്നോടിയാണ് അമേരിക്കയുടെ പരാമർശം എന്നത് ശ്രദ്ധേയമാണ്.
ജമാഅത്ത് ഉദ് ദവാ തലവനായ ഹഫീസ് സയീദിനെ അറസ്റ്റ് ചെയ്തത് മുമ്പും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ സുസ്ഥിരവും സുദൃഢവുമായ കാല്‍വെപ്പാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അല്ലാതെ വെറും പുകമറയിലല്ലെന്നും അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. തീവ്രവാദത്തിനെതിരേ പാക്കിസ്ഥാൻ എടുത്ത നടപടിയെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അമേരിക്കൻ അധികൃതര്‍.
ഹാഫിസിന്റെ അറസ്റ്റ് സംബന്ധിച്ച ഭൂതകാല ചരിത്രത്തെ കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്. പാക്കിസ്ഥാന്റെ മിലിട്ടറി ഇന്റലിജന്‍സ് സര്‍വ്വീസ് ഇവർക്ക് പിന്തുണ നൽകുന്നതിനെ കുറിച്ച് ഞങ്ങൾക്ക് നന്നായി അറിയാം. അതിൽ ഞങ്ങൾക്കൊരു മിഥ്യാധാരണയുമില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ ഊ വിഷയത്തിൽ ശക്തമായ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്ക വ്യക്തമാക്കി.
പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം ഏഴാമത്തെ തവണയാണ് ഹാഫിസിനെ അറസ്റ്റ് ചെയ്യുന്നതെന്നും പാക്കിസ്ഥാനെ വിമർശിച്ച് അമേരിക്കൻ അധികൃതര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബുധനാഴ്ചയാണ് 2001-ലെ ഇന്ത്യൻ പാര്‍ലമെന്റ് ആക്രമണത്തിന്റെയും സൂത്രധാരനായ ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam