
ദില്ലി: ദില്ലി സ്ഫോടന അന്വേഷണം ഇന്ത്യ മികച്ച പ്രൊഫഷണലിസത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. അന്വേഷണത്തിൽ ഇന്ത്യയെ സഹായിക്കാമെന്ന് അമേരിക്ക നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം കാനഡയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാർക്കോ റൂബിയോ. അന്വേഷണ സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.
“ഞങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ ഇത്തരം അന്വേഷണങ്ങൾക്ക് അവർ പ്രാപ്തിയുള്ളവരാണ്. അവർക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല. അവർ കാര്യങ്ങൾ നന്നായി ചെയ്യുന്നുണ്ട്”- മാർക്കോ റൂബിയോ പറഞ്ഞു.
ചെങ്കോട്ടയ്ക്ക് സമീപം നവംബർ 10 നുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ആക്രമണത്തെ തുടർന്ന് ഇന്ത്യ വേഗത്തിൽ കൈക്കൊണ്ട നടപടികളെ ലോകരാജ്യങ്ങൾ അഭിനന്ദിച്ചു. പിന്നാലെയാണ് റൂബിയോയുടെ പ്രതികരണം. നേരത്തെ, ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദില്ലിയിലെ സ്ഫോടനവും സംഭാഷണത്തിൽ വിഷയമായി. ദില്ലിയിലെ യുഎസ് എംബസി നേരത്തെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു പ്രസ്താവനയിറക്കിയിരുന്നു. സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്ന് അംബാസഡർ സെർജിയോ ഗോർ പ്രസ്താവനയിൽ പറഞ്ഞു.
നവംബർ 10 ന് ദില്ലിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് കാർ ബോംബ് സ്ഫോടനമുണ്ടായത്. ദില്ലിയിൽ നടന്നത് ഭീകരവാദ നീക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. ചെങ്കോട്ട സ്ഫോടനത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. രണ്ടുമിനിറ്റ് നേരം മൗനം ആചരിച്ചു. ഭീകരവാദത്തോട് ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍, ഏജൻസികളോട് ആഴത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നല്‍കി. ദില്ലിയിലേത് ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവൃത്തിയാണ്. യുക്തിരഹിതമായ അക്രമമാണ് നടന്നതെന്നും കേന്ദ്ര മന്ത്രിസഭ വിലയിരുത്തി.
ഭീകരവാദ പ്രവർത്തനങ്ങളോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍, ലോകരാജ്യങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും ഗൂഢാലോചനയിൽ ഭാഗമായവരെയും കണ്ടെത്താൻ ശക്തവും വേഗത്തിലുമുള്ള അന്വേഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാർ നിർദേശം നൽകി. ഭീകരവാദികളെ സ്പോൺസർ ചെയ്തവരെ അടക്കം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഉന്നതതലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. രക്ഷാദൗത്യത്തിൽ ഏർപ്പെട്ട സേനകളെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam