ചൈനയെ വിറപ്പിച്ച് അമേരിക്ക, ഇന്ത്യക്കൊപ്പം നിലയുറപ്പിക്കും; സഹകരണം പ്രധാനപ്പെട്ടതെന്ന് അമേരിക്ക

By Web TeamFirst Published Oct 27, 2020, 2:33 PM IST
Highlights

സമാധാനം തകർക്കാൻ ചൈന ശ്രമിക്കുന്നതായും ഇന്ത്യക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. 

ദില്ലി: ചൈനയ്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യയുമായുള്ള ടു പ്ളസ് ടു ചര്‍ച്ചയിൽ അമേരിക്ക. സ്വാതന്ത്ര്യവും സമാധാനവും തകര്‍ക്കാൻ ചൈന ശ്രമിക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനായി മുന്നോട്ട് പോകും. പ്രതിരോധ സഹകരണം ഉറപ്പാക്കുന്ന ബെക്ക കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു.

യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ പ്രകോപനത്തിനെതിരെ ഇന്ത്യക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനാധിപത്യവുമായി സൗഹൃദമില്ല. സമാധാനത്തിന് നേരെ ചൈന ഭീഷണി ഉയര്‍ത്തുന്നു. ഗാൽവാൻ താഴ്വരയിലെ ചൈനീസ് അതിക്രമത്തെ അപലപിച്ച അമേരിക്ക ഇന്തോ-പസഫിക് മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്നും പ്രഖ്യാപിച്ചു.

അമേരിക്കൻ ഉപഗ്രഹ സംവിധാനവും പ്രതിരോധ സാങ്കേതിക വിദ്യായും പ്രയോജനപ്പെടുത്താനുള്ള ബെക്ക കരാര്‍ ഇന്ത്യക്ക് നേട്ടമാകും. ഇന്ത്യ അമേരിക്ക പ്രതിരോധ സഹകരണത്തിലെ പ്രധാന ചുവടുവെപ്പെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദേവലിനെ കണ്ട അമേരിക്കന്‍ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി.

അമേരിക്കൻ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് അതിനിര്‍ണായക പ്രതിരോധ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇന്ത്യ സഹകരണം എന്ന റിപ്പബ്ളിക്കൻ പാര്‍ട്ടിയുടെ പ്രചാരണത്തിന്‍റെ ഭാഗമാണ് കരാറെന്ന വിലയിരുത്തലുകളുണ്ട്. അതിനാൽ കരാറിന് ശേഷമുള്ള തുടര്‍ നടപടികളും ചൈനന വിരുദ്ധ നിലപാടും അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തെ കൂടി ആശ്രയിച്ചിരിക്കും.
 

click me!