വാഷിംഗ്‍ടൺ: അമേരിക്കയിൽ സൂപ്പർ ട്യൂസ്‌ഡേയിലെ വിധിയെഴുത്തിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥിപ്പട്ടികയിലെ ജോ ബൈഡന്‍റെ മുന്നേറ്റം. വിർജീനിയയിൽ ജയം ഉറപ്പിച്ച ബൈഡൻ നോർത്ത കരലീന അടക്കം എട്ടിടങ്ങളിൽ മുന്നിട്ട് നിൽക്കുകയാണ്.
അതേസമയം ശക്തനായ എതിർസ്ഥാനാർത്ഥികളിലൊരാളായ സാൻഡേഴ്‍സ്, ജന്മ നഗരമായ വെർമൗണ്ടിൽ ജയിച്ചു. ഒപ്പം പ്രധാനനഗരമായ ടെക്സസിലും മുന്നേറുന്നു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ നിർണയിക്കാനുള്ള 14 സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് നടക്കുന്നത്. ഇതിൽ 'സൂപ്പർ ട്യൂസ് ഡേ' എന്നറിയപ്പെടുന്ന ചൊവ്വാഴ്ച ദിനം നിർണായകമാണ് ആകെ വോട്ടർമാരുടെ മൂന്നിലൊന്നും അഭിപ്രായം രേഖപ്പെടുത്തുന്നു എന്നതാണ് ഈ ഘട്ടത്തിന്‍റെ പ്രാധാന്യം.
കൊറോണവൈറസ് ബാധയെത്തുടര്‍ന്ന് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പോളിങ് നടന്നത്. ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിന് ശേഷം, വോട്ടെണ്ണൽ പുരോഗമിക്കുകയാണിപ്പോൾ.
പ്രധാനപോരാട്ടം നടക്കുന്ന സൂപ്പർ ട്യൂസ് ഡേ ദിവസത്തിന് തൊട്ടു മുമ്പ് ഡെമോക്രാറ്റ് സ്ഥാനാർത്ഥി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഏമി ക്ലൊബചാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് തലേന്ന് തന്നെ പീറ്റ് ബുട്ടെജെജും പിൻമാറി. ഇരുവരും ജോ ബൈഡനാണ് പിന്തുണ പ്രഖ്യാപിച്ചത്. ഇന്ത്യൻ വംശജയായിരുന്ന കമലാ ഹാരിസ് മത്സരിക്കുമെന്ന് മുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും മത്സരം തുടങ്ങുന്നതിന് മുമ്പേ, പിൻമാറിയിരുന്നു.
ഇതോടെ, ഡെമോക്രാറ്റ് സ്ഥാനാർത്ഥിപ്പട്ടികയിലുള്ളത് ഇവരാണ്: ഒന്നാമൻ ജോ ബൈഡൻ തന്നെ. പിന്നാലെ കഴിഞ്ഞ തവണ ഹിലരിക്ക് എതിരെ മത്സരിച്ച ബേണി സാൻഡേഴ്‍സ്. പിന്നെയുള്ളത് മൈക്ക് ബ്ലൂംബർഗ്, എലിസബത്ത് വാറൻ, തുൾസി ഗബാർഡ് എന്നിവരാണ്.
വീണ്ടും റിപ്പബ്ലിക്കൻ പാർട്ടിയുടെ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിയാകാനും വിജയിച്ച് രണ്ടാം വട്ടം പദവിയിലെത്താനും കച്ച കെട്ടിയിരിക്കുകയാണ് നിലവിലെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നവംബറിലാണ് അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.
ഏഷ്യാനെറ്റ് ന്യൂസിൽ, ഞങ്ങളുടെ പ്രതിനിധി കൃഷ്ണകിഷോർ സൂപ്പർ ട്യൂസ് ഡേയുടെ തത്സമയവിവരങ്ങൾ ഓരോ ബുള്ളറ്റിനിലും നൽകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam