കൊവിഡ് 19ല്‍ വിറങ്ങലിച്ച് ലോകം; വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരുലക്ഷത്തിലേക്ക്

By Web TeamFirst Published Mar 4, 2020, 7:37 AM IST
Highlights

അമേരിക്കയിൽ വൈറസ് ബാധയേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ആറായി. 2,943 പേരാണ് ചൈനയിൽ മാത്രം ഇതുവരെ മരിച്ചത്. ഇറ്റലിയിൽ 79ഉം ഇറാനിൽ 77ഉം വൈറസ് ബാധിതർ മരിച്ചു

ബൈയ്ജിംഗ്: ലോകത്ത് കൊവിഡ് 19 വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 92,615 പേർക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. ഇതിൽ 80,151 പേരും ചൈനയിലാണ്. അമേരിക്കയിൽ വൈറസ് ബാധയേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ആറായി. 2,943 പേരാണ് ചൈനയിൽ മാത്രം ഇതുവരെ മരിച്ചത്.

ജയ്പൂരിലെത്തിയ വിദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു: ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം മൂന്നായി

ഇറ്റലിയിൽ 79ഉം ഇറാനിൽ 77ഉം വൈറസ് ബാധിതർ മരിച്ചു. ഇതിനിടെ ജയിലിൽ രോഗം പരടുന്നത് തടയുന്നതിന്റെ ഭാഗമായി ഇറാനിൽ അരലക്ഷത്തിൽ അധികം തടവുകാരെ പരോൾ നൽകി പുറത്തിറക്കി. അതേസമയം, ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇറ്റലിയില്‍ നിന്ന് ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ വിദേശ സ‍ഞ്ചാരികളുടെ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്.

ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇയാള്‍ക്കൊപ്പം ജയ്പൂരിലെത്തിയ മറ്റു ഇറ്റാലിയന്‍ പൗരന്‍മാരെയെല്ലാം നേരത്തെ തിരികെ അയച്ചിരുന്നു. അതിനിടെ 2500 പേരെ പാര്‍പ്പിക്കാവുന്ന മുൻ കരുതൽ കേന്ദ്രങ്ങൾ അടിയന്തരമായി തുറക്കാൻ സേന വിഭാഗങ്ങൾക്ക് കേന്ദ്രസര്‍ക്കാര്‍ നിർദേശം നൽകിയിട്ടുണ്ട്. കര, നാവിക, വ്യോമ സേനകൾക്കാണ് കേന്ദ്രസർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ കൊവിഡ് 19 ഭീതിയൊഴിഞ്ഞിട്ടില്ല; ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടരും

അതിനിടെ ഇന്ത്യൻ നാവികസേനയുടെ മിലാൻ നാവിക പ്രദർശനം ഉപേക്ഷിച്ചു. മാർച്ച്‌ 18 മുതൽ വിശാഖപട്ടണത്ത് നടത്താൻ ഉദ്ദേശിച്ച പ്രദർശനമാണ് ഉപേക്ഷിച്ചത്. പ്രദർശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ ആലോചിക്കുന്നുണ്ട്. അതേസമയം കൊവി‍ഡ് 19 വൈറസ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

വൈറസ് ബാധയെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. ഇന്നലെ രാവിലെ വിവിധ മന്ത്രാലയങ്ങളുടേയും സംസ്ഥാനങ്ങളുടേയും യോഗം വിളിച്ചു പ്രധാനമന്ത്രി കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

click me!