പൊരുതി നേടിയ പൗരത്വം; ജന്മാവകാശ പൗരത്വം ചർച്ചയാകുമ്പോൾ അറിയാം യുഎസ് പൗരത്വം കിട്ടിയ ആദ്യ ഇന്ത്യക്കാരനെ

Published : Feb 04, 2025, 03:54 PM IST
പൊരുതി നേടിയ പൗരത്വം; ജന്മാവകാശ പൗരത്വം ചർച്ചയാകുമ്പോൾ അറിയാം യുഎസ് പൗരത്വം കിട്ടിയ ആദ്യ ഇന്ത്യക്കാരനെ

Synopsis

അമേരിക്കൻ പൗരനാകുക എന്നത് ഇന്ത്യക്കാർക്ക് ഒരിക്കലും എളുപ്പമായിരുന്നില്ല. നിയമപരമായി പോരാടി യുഎസ് പൌരത്വം നേടിയെടുത്ത ആദ്യ ഇന്ത്യക്കാരൻ മുംബൈയിലെ ഒരു വ്യാപാരിയാണ്

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത ഡൊണാൾഡ് ട്രംപ് എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കുക എന്നതാണ്. ഈ നീക്കം കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. അതേസമയം യുഎസിലെ കുടിയേറ്റ നയങ്ങൾ കർശനമാക്കുകയാണ് ട്രംപ്. 

ഏകദേശം 54 ലക്ഷം ഇന്ത്യക്കാർ യുഎസിൽ താമസിക്കുന്നു- മൊത്തം ജനസംഖ്യയുടെ 1.47 ശതമാനം. ഇവരിൽ മൂന്നിൽ രണ്ട് പേരും കുടിയേറ്റക്കാരാണ്. 34 ശതമാനം പേർ ആ രാജ്യത്ത് ജനിച്ചവരാണ്. ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവ് നടപ്പായാൽ താത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യുഎസിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ കുട്ടികൾക്ക് ഇനി സ്വയമേവ അമേരിക്കൻ പൗരത്വം ലഭിക്കില്ല. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം ലഭിക്കാൻ തുടങ്ങിയതെന്ന് പരിശോധിക്കാം

അമേരിക്കൻ പൗരനായ ആദ്യ ഇന്ത്യക്കാരൻ

അമേരിക്കൻ പൗരനാകുക എന്നത് ഇന്ത്യക്കാർക്ക് ഒരിക്കലും എളുപ്പമായിരുന്നില്ല. നിയമപരമായി പോരാടി യുഎസ് പൌരത്വം നേടിയെടുത്ത ആദ്യ ഇന്ത്യക്കാരൻ മുംബൈയിൽ തുണിവ്യാപാരിയായിരുന്ന ഭിക്കാജി ബൽസാരയാണ്. 1900-കളുടെ തുടക്കത്തിൽ, 1790-ലെ നാച്ചുറലൈസേഷൻ ആക്ട് പ്രകാരം വെള്ളക്കാർക്ക് മാത്രമാണ് യുഎസ് പൗരത്വം അനുവദിച്ചിരുന്നത്.

പൗരത്വത്തിനായുള്ള ബൽസാരയുടെ നിയമ പോരാട്ടം 1906-ലാണ് തുടങ്ങിയത്. ഭിക്കാജി ബൽസാര ന്യൂയോർക്കിലെ സർക്യൂട്ട് കോടതിയിൽ പരാതി നൽകി. ഇന്തോ  - യൂറോപ്യൻമാർ ഉൾപ്പെടെയുള്ള ആര്യന്മാരെ വെള്ളക്കാരായി (വൈറ്റ്) കണക്കാക്കണമെന്ന് വാദിച്ചു. അറബികൾ, അഫ്ഗാനികൾ തുടങ്ങിയവരും യുഎസ് പൗരത്വം ആവശ്യപ്പെടുമെന്ന് ഭയന്ന് കോടതി ആദ്യം അപേക്ഷ നിരസിച്ചു. അതേസമയം അപ്പീൽ നൽകാൻ അനുവദിച്ചു.

ബൽസാര പാഴ്‌സി ആയിരുന്നു. വെള്ളക്കാരായി പരിഗണിക്കപ്പെടുന്ന പേർഷ്യൻ വിഭാഗത്തിന്‍റെ ഭാഗമായി കണക്കാക്കി 1910-ൽ ന്യൂയോർക്കിലെ സൗത്ത് ഡിസ്ട്രിക്റ്റിലെ ജഡ്ജി എമിൽ ഹെൻറി ലാകോംബ് അദ്ദേഹത്തിന് യുഎസ് പൗരത്വം നൽകി. ഈ തീരുമാനം പിന്നീട് സർക്യൂട്ട് അപ്പീൽ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. പാഴ്സികൾ വെള്ളക്കാരാണെന്ന് ശരിവച്ചു. ഇത് മറ്റൊരു ഇന്ത്യക്കാരനായ എ കെ മജുംദാറിനും യുഎസ് പൗരത്വം ലഭിക്കുന്നതിന് വഴിയൊരുക്കി.

1917ൽ യുഎസ് കർശനമായ ഇമിഗ്രേഷൻ നിയമങ്ങൾ കൊണ്ടുവന്നതോടെ ഇന്ത്യക്കാരുടെ അമേരിക്കൻ പ്രവേശനം എളുപ്പമല്ലാതാക്കി. എന്നിരുന്നാലും പഞ്ചാബി കുടിയേറ്റക്കാർ മെക്സിക്കൻ അതിർത്തിയിലൂടെ യുഎസിലേക്ക് നീങ്ങുന്നത് തുടർന്നു, കാലിഫോർണിയയിലെ ഇംപീരിയൽ വാലിയിൽ സ്ഥിരതാമസമാക്കി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, കുടിയേറ്റ നിയമങ്ങളിൽ ക്രമേണ അയവുവരുത്തി. 1946-ലെ ലൂസ്-സെല്ലർ നിയമം 100 ഇന്ത്യക്കാരെ പ്രതിവർഷം കുടിയേറാൻ അനുവദിച്ചു. 1952 ലെ നാച്ചുറലൈസേഷൻ നിയമം ഈ പരിധി പ്രതിവർഷം 2,000 ആയി ഉയർത്തി. 1965-ൽ ഒരു വലിയ മാറ്റം വന്നു, ദീർഘകാല ഇന്ത്യൻ കുടിയേറ്റം പ്രതിവർഷം 40,000 ആയി വർദ്ധിച്ചു. 2000 ആയപ്പോഴേക്കും ഈ സംഖ്യ ഏകദേശം 90,000 ആയി.

രാഷ്ട്രീയം മുതൽ മുൻനിര കോർപ്പറേറ്റ് ജോലികളിൽ വരെ യുഎസിലെ വിവിധ മേഖലകളിൽ ഇന്ത്യക്കാരുടെ സജീവ സാന്നിധ്യമുണ്ട്. നിരവധി ഇന്ത്യൻ വംശജർ പ്രമുഖ ബഹുരാഷ്ട്ര കമ്പനികളിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നു.  ഐടി മേഖലയിലെ കുതിച്ചുചാട്ടം യുഎസിലേക്കുള്ള ഇന്ത്യൻ കുടിയേറ്റത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായി, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷങ്ങൾ കുടിയേറി. ഇന്ന്, യുഎസ് നൽകുന്ന എച്ച്-1ബി തൊഴിൽ വിസകളിൽ 80 ശതമാനവും ഇന്ത്യക്കാരാണ്. കൂടാതെ ഉന്നത വിദ്യാഭ്യാസത്തിനായി ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസിലേക്ക് പോകുന്നു. ജന്മാവകാശ പൗരത്വം സംബന്ധിച്ച ട്രംപിന്‍റെ ഏറ്റവും പുതിയ നീക്കം യുഎസിലെ ഇന്ത്യൻ കുടുംബങ്ങളുടെ ഭാവിയിൽ വലിയ സ്വാധീനം ചെലുത്തും. 

ട്രംപിന് ആദ്യ തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇറാന്‍റെ പരമാധികാരത്തെ ബഹുമാനിക്കണം'; പിന്തുണയുമായി ചൈനയും റഷ്യയും, ചർച്ച നടത്തി യുഎൻ മേധാവി
മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 54 വർഷത്തിന് ശേഷം നാസയുടെ ദൗത്യം, ചന്ദ്രനെ ചുറ്റി തിരിച്ചെത്തുക വനിത ഉൾപ്പെടെ നാലംഗ സംഘം