ലോകത്ത് ഏഴായിരത്തോളം ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിച്ച് മരിച്ചെന്ന് ആംനസ്റ്റി ഇന്റർനാഷണൽ

By Web TeamFirst Published Sep 4, 2020, 12:38 PM IST
Highlights

ലോകത്ത് ഏഴായിരം ആരോഗ്യപ്രവർത്തകർ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചെന്ന്  ആംനസ്റ്റി ഇന്റർനാഷണൽ.  ഏറ്റവുമധികം മരണം മെക്സിക്കോയിൽ , 1300 ആരോഗ്യ പ്രവർത്തകരാണ് ഇവിടെ മരിച്ചത്. 

ലോകത്ത് ഏഴായിരം ആരോഗ്യപ്രവർത്തകർ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചെന്ന്  ആംനസ്റ്റി ഇന്റർനാഷണൽ. ഏറ്റവുമധികം മരണം മെക്സിക്കോയിൽ , 1300 ആരോഗ്യ പ്രവർത്തകരാണ് ഇവിടെ മരിച്ചത്.  ഇന്ത്യയിൽ 573 ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടമായി.  അമേരിക്കയിൽ  1077 ആരോഗ്യപ്രവർത്തകർ മരിച്ചു.

മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ഏഴായിരത്തിലധികം ആളുകൾ മരിക്കുന്നത്. ഇതൊരു വലിയ പ്രതിസന്ധിയാണ്. ആരോഗ്യപ്രവർത്തകർക്കും ജോലിസ്ഥലത്ത് സുരക്ഷിതമായിരിക്കാൻ അവകാശമുണ്ട്. പലരും സ്വന്തം ജീവൻ നൽകേണ്ടി വരുന്നത് ഖേദകരമാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ സാമ്പത്തിക സാമൂഹ്യനീതി മേധാവി സ്റ്റീവ് കോക്ക്ബേൺ പറഞ്ഞു.

കൊവിഡ് മാസങ്ങൾ പിന്നിട്ടിട്ടും, ആരോഗ്യ പ്രവർത്തകർ മെക്സിക്കോ, ബ്രസീൽ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോഴും ഭയാനകമായ നിരക്കിൽ മരിക്കുന്നുണ്ട്. അതേസമയം തന്നെ ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും അതിവേഗം രോഗം വ്യാപിക്കുകയുമാണ്. ഇത് എല്ലാ രാജ്യങ്ങളും നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വർധനവുണ്ടായി, രാജ്യത്തുടനീളം 37 ലക്ഷത്തോളം കേസുകൾ സ്ഥിരീകരിച്ചു, 65,000ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 87,000 ത്തിലധികം ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. 573 പേർ മരിച്ചു. ആരോഗ്യ പ്രവർത്തകരുടെ മരണങ്ങളിൽ പകുതിയും (292) മഹാരാഷ്ട്രയിലാണ് സംഭവിച്ചത്. ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 

എല്ലാ ആരോഗ്യ പ്രവർത്തകർക്കും മതിയായ സുരുക്ഷാ ഉപകരണങ്ങൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ആഗോള സഹകരണം ഉണ്ടാകണം. അത് ആരോഗ്യ പ്രവർത്തകർക്ക് സ്വന്തം ജീവൻ പണയപ്പെടുത്താതെ അവരുടെ ജോലി തുടരാൻ സഹായിക്കുമെന്നും സ്റ്റീവ് കോക്ക്ബേൺ കൂട്ടിച്ചേർത്തു.

click me!