
ധാക്ക: ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് ദിവസങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെക്കൂടി ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. തലസ്ഥാനമായ ധാക്കയിൽ നിന്ന് ഏകദേശം 200 കിമീ അകലെയുള്ള രാജ്ബാരിയിലെ പങ്ഷ ഉപജില്ലയിൽ രാത്രി 11 മണിയോടെയാണ് 29 കാരനായ അമൃത് മൊണ്ടൽ എന്ന സാമ്രാട്ട് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സാമ്രാട്ട് 'സാമ്രാട്ട് ബഹിനി' എന്ന ക്രിമിനൽ സംഘത്തിന്റെ നേതാവായിരുന്നുവെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനെത്തുടർന്ന് സാമ്രാട്ട് നാടുവിട്ട് കലിമോഹർ യൂണിയനിലെ തന്റെ ഗ്രാമമായ ഹൊസെൻഡംഗയിലേക്ക് മടങ്ങിയെത്തിയിരുന്നു.
ബുധനാഴ്ച രാത്രി ഏകദേശം 11 മണിയോടെ, സാമ്രാട്ടും സംഘത്തിലെ മറ്റ് ചിലരും ഗ്രാമീണനായ ഷാഹിദുൽ ഇസ്ലാമിന്റെ വീട്ടിലേക്ക് പണം തട്ടാൻ എത്തി എന്നാണ് ആരോപണം. തുടർന്ന് ഗ്രാമവാസികൾ സാമ്രാട്ടിനെ പിടികൂടി ക്രൂരമായി മർദ്ദിച്ചു. സംഘത്തിലെ മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു.
ആൾക്കൂട്ടത്തിൽ നിന്ന് സാമ്രാട്ടിനെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചതായി സ്ഥിരീകരിച്ചതായി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (പങ്‌ഷ സർക്കിൾ) ദെബ്രത സർക്കാർ പറഞ്ഞു. സാമ്രാട്ടിനെതിരെ കൊലപാതകം ഉൾപ്പെടെ രണ്ട് കേസുകൾ പങ്‌ഷ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ പറഞ്ഞു. സാമ്രാട്ടിന്റെ കൂട്ടാളികളിൽ ഒരാളായ മുഹമ്മദ് സെലിമിനെ ഒരു പിസ്റ്റളും മറ്റൊരു തോക്കുമായി അറസ്റ്റ് ചെയ്തു. ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിനെത്തുടർന്ന് ബംഗ്ലാദേശ് പ്രക്ഷുബ്ധമായിരിക്കുന്ന സമയത്താണ് 29 കാരന്റെ കൊലപാതകം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam