ഇത് ഒരു ക്രിസ്മസ് ആശംസയാണോ അതോ രാഷ്ട്രീയ ആക്രമണമാണോ എന്ന ചർച്ചകൾക്ക് വഴിവെക്കുന്നതായിരുന്നു ട്രംപിന്‍റെ ക്രിസ്മസ് സന്ദേശം, 'തീവ്ര ഇടതുപക്ഷ മാലിന്യങ്ങൾ' ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു എന്നാണ് ട്രംപ് കുറിച്ചത്
വാഷിംഗ്ടൺ: ക്രിസ്മസ് ദിനത്തിലും രാഷ്ട്രീയ എതിരാളികൾക്കെതിരെ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച് രംഗത്തെത്തി. ഇത് ഒരു ക്രിസ്മസ് ആശംസയാണോ അതോ രാഷ്ട്രീയ ആക്രമണമാണോ എന്ന ചർച്ചകൾക്ക് വഴിവെക്കുന്നതായിരുന്നു ട്രംപിന്‍റെ ക്രിസ്മസ് സന്ദേശം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' പങ്കുവെച്ച സന്ദേശത്തിൽ, രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന 'തീവ്ര ഇടതുപക്ഷ മാലിന്യങ്ങൾ' ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു എന്നാണ് ട്രംപ് കുറിച്ചത്. മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും തന്റെ ആഘോഷ സന്ദേശത്തെ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റാനാണ് അദ്ദേഹം ശ്രമിച്ചത്. തന്റെ ഭരണത്തിന് കീഴിൽ രാജ്യം വലിയ പുരോഗതി കൈവരിച്ചതായും ക്രിസ്മസ് സന്ദേശത്തിൽ ട്രംപ് അവകാശപ്പെട്ടു.
ഭരണനേട്ടങ്ങൾ വിവരിച്ച് ട്രംപ്
തുറന്ന അതിർത്തികൾ, കായികരംഗത്തെ ട്രാൻസ്‌ജെൻഡർ പങ്കാളിത്തം, ദുർബലമായ നിയമപാലനം എന്നിവയ്ക്ക് അന്ത്യമായെന്ന് യു എസ് പ്രസിഡന്‍റ് പറഞ്ഞു. കുടിയേറ്റക്കാർക്കെതിരായ നടപടികളടക്കം ചൂണ്ടിക്കാടിയാണ് ട്രംപിന്‍റെ കുറിപ്പ്. നിലവിൽ രാജ്യം റെക്കോർഡ് സ്റ്റോക്ക് മാർക്കറ്റ് വളർച്ചയും 4.3 ശതമാനം ജി ഡി പി നിരക്കും കൈവരിച്ചതായും, പണപ്പെരുപ്പമില്ലാത്ത സാമ്പത്തിക വ്യവസ്ഥയാണെന്നും ട്രംപ് അവകാശപ്പെട്ടു. തന്റെ വ്യാപാര നയങ്ങളും താരിഫുകളും ട്രില്യൺ കണക്കിന് ഡോളറിന്റെ വളർച്ചയാണ് രാജ്യത്തിന് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സുരക്ഷയുടെ കാര്യത്തിൽ അമേരിക്ക മുമ്പെങ്ങുമില്ലാത്തവിധം കരുത്താർജ്ജിച്ചുവെന്നും ലോകരാജ്യങ്ങൾക്കിടയിൽ രാജ്യം വീണ്ടും ബഹുമാനിക്കപ്പെടുന്നുവെന്നും ക്രിസ്മസ് സന്ദേശത്തിൽ അവകാശവാദമുണ്ട്. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ ക്രിസ്മസ് വേളകളിൽ ട്രംപ് വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. 2017 ൽ എഫ് ബി ഐ ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും വിമർശിച്ച ട്രംപ്, കഴിഞ്ഞ വർഷം രാഷ്ട്രീയ എതിരാളികളെ 'തീവ്ര ഇടതുപക്ഷ ഭ്രാന്തന്മാർ' എന്നും വിശേഷിപ്പിച്ചിരുന്നു. 'ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ' എന്ന വാചകത്തോടെയാണ് ഇത്തവണത്തെ സന്ദേശം അദ്ദേഹം അവസാനിപ്പിച്ചത്.


