
മൈമെൻസിംഗ്: ബംഗ്ലാദേശിലെ മൈമെൻസിംഗ് ജില്ലയിൽ ഗാർമെന്റ് ഫാക്ടറിയിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ഹിന്ദു യുവാവിനെ സഹപ്രവർത്തകൻ വെടിവെച്ചു കൊന്നു. രണ്ടാഴ്ചയ്ക്കിടെ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ഹിന്ദു കൊലപാതകമാണിത്. മൈമെൻസിംഗിലെ ഭാലുക ഉപസിലയിലുള്ള സുൽത്താന സ്വീറ്റേഴ്സ് ലിമിറ്റഡ് എന്ന ഫാക്ടറിയിൽ തിങ്കളാഴ്ച വൈകുന്നേരം 6.45-ഓടെയാണ് സംഭവം നടന്നത്.
കൊല്ലപ്പെട്ടത് ഫാക്ടറിയിലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അൻസാർ അംഗമായ ബജേന്ദ്ര ബിശ്വാസ് (42) ആണ്. ഇതേ യൂണിറ്റിലെ മറ്റൊരു അൻസാർ അംഗമായ നോമാൻ മിയ (29) ആണ് വെടിയുതിർത്തത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഡ്യൂട്ടിയിലായിരുന്ന ഇരുവരും തമ്മിലുള്ള സംസാരത്തിനിടയിൽ നോമാൻ മിയ തന്റെ കൈവശമുണ്ടായിരുന്ന സർക്കാർ തോക്ക് (ഷോട്ട്ഗൺ) തമാശരൂപേണ ബിശ്വാസിന് നേരെ ചൂണ്ടി. എന്നാൽ അപ്രതീക്ഷിതമായി തോക്ക് പൊട്ടുകയും ബിശ്വാസിന്റെ ഇടതുകാലിൽ വെടിയേൽക്കുകയുമായിരുന്നു.
ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പ്രതിയായ നോമാൻ മിയയെ പോലീസ് അറസ്റ്റ് ചെയ്യുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഒരു യൂണിഫോംഡ് സഹായ സേനയാണ് അൻസാർ. സർക്കാർ ഓഫീസുകൾ, ഫാക്ടറികൾ, മറ്റ് സുപ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ സുരക്ഷയ്ക്കായി ഇവരെ വിന്യസിക്കാറുണ്ട്.
ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഈ സംഭവം. ഈ മാസം തന്നെ മറ്റ് രണ്ട് കൊലപാതകങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാലുകയിൽ വെച്ച് തന്നെ ദിപു ചന്ദ്ര ദാസ് എന്നയാളെയെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊല്ലുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റി മൃതദേഹം തീയിടുകയും ചെയ്തിരുന്നു.ഡിസംബർ 18നായിരുന്നു സംഭവം. മൈമെൻസിംഗിന് പുറത്ത് മറ്റൊരു ഹിന്ദു വംശജനെ ആൾക്കൂട്ടം തല്ലിക്കൊന്നതായും ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ട് വന്നിരുന്നു. ആക്രമണങ്ങൾ ഒറ്റപ്പെട്ട ക്രിമിനൽ കേസുകളാണെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ നിലപാട്. എന്നാൽ, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ഇന്ത്യയും വിവിധ മനുഷ്യാവകാശ സംഘടനകളും കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam