ആക്രമണം നടത്തിയത് അമേരിക്കൻ സൈന്യമാണോ സിഐഎ ആണോ എന്നതിനേക്കുറിച്ച് ട്രംപ് പ്രതികരിച്ചില്ല
കാരക്കാസ്: വെനസ്വേലയുടെ തുറമുഖത്ത് ഡ്രോൺ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി അമേരിക്ക. സിഐഎയാണ് ഡിസംബർ ആദ്യത്തിൽ വെനസ്വേലയുടെ തീരത്തെ തുറമുഖത്ത് ആക്രമിച്ചതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. വെനസ്വേലയിലെ ലഹരി സംഘമായ ട്രൻ ഡേ ആരഗ്വാ ലഹരിമരുന്ന് ശേഖരിച്ചിരുന്ന സംവിധാനമാണ് തകർത്തതെന്നാണ് അമേരിക്ക വിശദമാക്കുന്നത്. ആക്രമണ സമയത്ത് ഇവിടെ ആളുകൾ ഇണ്ടായിരുന്നില്ലെന്നും ആക്രമണത്തിൽ ആളപായം ഇല്ലെന്നുമാണ് അമേരിക്ക അവകാശപ്പെടുന്നത്. യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സ് ആണ് നടപടിക്ക് ആവശ്യമായ സഹായം നൽകിയതെന്നും സിഎൻഎൻ റിപ്പോട്ടിൽ വിശദമാക്കുന്നു. ബോട്ടുകളിൽ ലഹരിമരുന്ന് നിറയ്ക്കുന്ന കേന്ദ്രമാണ് ആക്രമിച്ച് തകർത്തതെന്നാണ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് വിശദമാക്കിയത്. എന്നാൽ ആക്രമണം നടത്തിയത് അമേരിക്കൻ സൈന്യമാണോ സിഐഎ ആണോ എന്നതിനേക്കുറിച്ച് ട്രംപ് പ്രതികരിച്ചില്ല.
തകർത്തത് ലഹരി സംഭരണ കേന്ദ്രമെന്ന് അമേരിക്ക
നേരത്തെ വെനസ്വേലയിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താൻ ട്രംപ് സിഐഎയ്ക്ക് നിർദേശം നൽകിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മയക്കുമരുന്നു കടത്ത് കുറ്റങ്ങളിൽ വെനസ്വേലൻ പ്രസിഡൻ്റ് മഡുറോയെ അറസ്റ്റ് ചെയ്യാനും ശിക്ഷിക്കാനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്ക 50 ദശലക്ഷം ഡോളർ വാഗ്ദാനം ചെയ്തിട്ടുള്ളത്. വെനസ്വേലയിലേക്ക് വരുന്നതും പോകുന്നതുമായ അംഗീകൃത എണ്ണ ടാങ്കറുകൾ ഉപരോധിക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുമായുള്ള സംഘർഷം കൂടുതൽ രൂക്ഷമാക്കുന്നതാണ് അമേരിക്കയുടെ പുതിയ വാദം.
രണ്ട് മാസങ്ങളിലായി ലഹരി മരുന്ന് സംഘങ്ങളുടേതെന്ന പേരിൽ 30ലേറെ ബോട്ടുകളാണ് അമേരിക്ക വെനസ്വേലയുടെ തീരത്ത് ആക്രമിച്ചത്. കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലും സമാന ആക്രമണങ്ങൾ അമേരിക്ക നടത്തിയിരുന്നു. നേരത്തെ വെനസ്വേലയ്ക്കുള്ളിൽ കയറി ആക്രമണം നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നടത്തിയിരുന്നു.


