
കെയ്റോ: ഗാസ ഏറ്റെടുക്കാനുള്ള ഡോണൾഡ് ട്രംപിന്‍റെ നീക്കത്തിന് ബദലായി ഈജിപ്ത് അവതരിപ്പിച്ച ഗാസ പുനർനിർമ്മാണ പദ്ധതി അംഗീകരിച്ച് അറബ് രാഷ്ട്രങ്ങൾ. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നതാണ് പദ്ധതിയുടെ സ്വീകാര്യതക്കുള്ള പ്രധാന കാരണം. 5300 കോടി ഡോളറിന്‍റെ ഗാസ പുനർനിർമ്മാണ പദ്ധതിയും കെയ്റോയിൽ ചേർന്ന അറബ് അടിയന്തര ഉച്ചകോടി പ്രഖ്യാപിച്ചു. യുദ്ധക്കുറ്റങ്ങളിലും ആക്രമണങ്ങളിലും ഇസ്രേലിനെതിരെ ശക്തമായ നിലപാടും അറബ് ഉച്ചകോടി കൈക്കൊണ്ടു. സ്വതന്ത്ര പലസ്തീൻ മാത്രമാണ് ഗാസയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നും അറബ് രാഷ്ട്രങ്ങളൊന്നായി ആവർത്തിച്ചു.
വിശദ വിവരങ്ങൾ ഇങ്ങനെ
നാലര വർഷം നീളുന്നതാണ് അമേരിക്കൻ നീക്കത്തിന് ബദലായി ഈജിപ്ത് അവതരിപ്പിച്ച ഗാസ പുനർനിർമ്മാണ പദ്ധതി. രണ്ട് ഘട്ടങ്ങളിലായി 4 ലക്ഷം വീടുകൾ നിർമ്മിക്കും. അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായത്തോടെ ഫണ്ടെത്തിക്കും. അനാഥരായ 40,000 കുട്ടികൾക്കായി പ്രത്യേക ഫണ്ട്. ഇതോടൊപ്പം സംഘർഷത്തിൽ രാഷ്ട്രീയ പരിഹാരം. തുടർന്നും വെടിനിർത്തൽ വേണം. ഇസ്രയേൽ സേന മേഖലയിൽ നിന്ന് പൂർണമായി പിൻവാങ്ങണം. ഉചിതമായ സമയത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തും. പുതിയ നേതൃത്വം വരുന്നത് വരെ ഗാസയിലെ ഭരണം കൈകാര്യം ചെയ്യാൻ അഡ്മിനിയേട്രേഷൻ കമ്മിറ്റി രൂപീകരിക്കും. ഇതിന് യോഗ്യരായവരെ തെരഞ്ഞെടുക്കും. ഹമാസിനെക്കുറിച്ച് പ്രസ്താവനയിൽ പരാമർശിക്കുന്നില്ല. പലസ്തീന്‍റെ അവകാശങ്ങൾ നേടിയെടുക്കാൻ ഉള്ള പ്രവർത്തനങ്ങൾക്കായി പലസ്തീൻ ലിബറേഷൻ ഓർഗനൈശേഷനെ ആണ് അംഗീകരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. വെസ്റ്റ്ബാങ്ക് ഉൾപ്പടെ പലസ്തീന്‍റെ ഏതെങ്കിലും ഭാഗം പിടിച്ചെടുക്കാനുള്ള ശ്രമം മേഖലയിൽ പുതിയ സംഘർഷത്തിന് വഴിവെയ്ക്കുമെന്ന് മുന്നറിയിപ്പുണ്ട്. വിഷയത്തിൽ അമരിക്കൻ നിലപാടാണ് ഇനി നിർണായകം.
അതേസമയം പലസ്തീനികൾക്ക് എതിരെ യുദ്ധക്കുറ്റങ്ങളിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വിചാരണ ഉറപ്പാക്കാൻ നില കൊള്ളണമെന്ന് അറബ് ഉച്ചകോടി രാഷ്ട്രങ്ങളെ ഓർമ്മിപ്പിച്ചു. ഇസ്രയേലിനെ പ്രതിസ്ഥാനത്ത് നിർത്തിയുള്ളതാണ് ഈ ഓർമ്മപ്പെടുത്തൽ. സിറിയ, ലബനൻ ഉൾപ്പടെ എല്ലാ അറബ് മേഖലകളിലും ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണമെന്നും ഉച്ചകോടി നിലപാടെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam