
റിയാദ്: അസാധാരണ യോഗം ചേരാൻ തീരുമാനിച്ച് അറബ് ലീഗ് രാജ്യങ്ങൾ. നവംബർ 11 ന് സൗദി അറേബ്യയിലെ റിയാദിൽ അറബ് ലീഗ് രാജ്യങ്ങൾ ഒത്തുചേരും എന്ന് അറബ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലസ്തീനിലെ ഇസ്രയേൽ സൈനിക നീക്കത്തിൻ്റെ പശ്ചാത്തലത്തിലാണ് യോഗം ചേരുക. പലസ്തീൻ, സൗദി എന്നീ രാജ്യങ്ങൾ ആണ് യോഗം ചേരാൻ അവശ്യം ഉന്നയിച്ചതെന്നും അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുദ്ധ സാഹചര്യം തന്നെയാകും യോഗത്തിൽ പ്രധാന ചർച്ചയെന്നാണ് വ്യക്തമാകുന്നത്. അറബ് ലീഗ് അസിസ്റ്റൻ്റ് സെക്രട്ടറി ജനറലിനെ ഉദ്ധരിച്ചാണ് അറബ് മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത്.
അറബ് സമ്മിറ്റ് കഴിഞ്ഞ് കേവലം 20 ദിവസങ്ങളാകുമ്പോളാണ് അറബ് ലീഗ് രാജ്യങ്ങൾ വീണ്ടും ഒത്തുചേരാൻ തീരുമാനിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ ഇങ്ങനെ യോഗം വിളിക്കാറില്ല. ഇക്കഴിഞ്ഞ ഒക്ടോബർ 22 ന് കെയ്റോയിൽ അറബ് ലീഗ് രാജ്യങ്ങൾ ഒത്തുചേർന്നിരുന്നു. കെയ്റോ അറബ് സമ്മിറ്റിൽ ഇസ്രയേൽ - ഹമാസ് യുദ്ധ സാഹചര്യമാണ് ചർച്ചയായത്. 20 ദിവസത്തിനിടെ വീണ്ടും അറബ് ഉച്ചകോടി ചേരുമ്പോൾ സമാധാനശ്രമത്തിനാകും മുൻകൈ എന്നാണ് പ്രതീക്ഷ.
ഇസ്രയേൽ - ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങൾ കെയ്‌റോയിലെ അറബ് ഉച്ചകോടിയിൽ ഉണ്ടായിരുന്നു. ഖത്തർ , യു എ ഇ , സൗദി അറേബ്യ , ബഹ്റൈൻ , കുവൈത്ത് , ജോർദാൻ , ഇറാഖ് , സൈപ്രസ് രാജ്യങ്ങളാണ് ഒക്ടോബർ 22 ന് ഈജിപ്തിൽ ഒത്തു ചേർന്നത്. ഇവർക്കൊപ്പം ഐക്യ രാഷ്ട്ര സഭ ജനറൽ സെക്രട്ടറിയും ജപ്പാൻ , ജർമനി , തുർക്കി , ഗ്രീസ് എന്നീ രാജ്യങ്ങളിലെയും പലസ്തീൻ്റെയും പ്രതിനിധികൾ ഉച്ചക്കോടിയിൽ പങ്കെടുത്തിരുന്നു. പലസ്തീൻ ജനത എവിടേക്കും ഓടിപ്പോകാൻ ഉദ്ദേശിക്കുന്നില്ല എന്നും മാതൃരാജ്യത്ത് തുടരുമെന്നുമാണ് അറബ് ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിൽ അന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam