മോദിക്കെതിരെ ആൻ്റണി, പ്രധാനമന്ത്രി നിലപാടും നയവും തിരുത്തണം; സ്വതന്ത്ര പലസ്തീൻ ആവശ്യത്തിനൊപ്പം ഇന്ത്യ നിൽക്കണം
യാസര്‍ അറാഫത്തിന്റെ പി എല്‍ ഒയ്ക്ക് അംഗീകാരം കൊടുത്ത ഭരണാധികാരിയാണ് ഇന്ദിരാഗാന്ധിയെന്നും ആന്റണി ചൂണ്ടികാട്ടി

പലസ്തീനില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യു എന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെയും സ്വാതന്ത്ര്യസമര നായകന്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ ജന്മദിന അനുസ്മരണത്തിന്റെയും ഭാഗമായി കെ പി സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
പലസ്തീന്‍ സംഘര്‍ഷത്തില്‍ ഏകപക്ഷീയമായി ഒരുപക്ഷം ചേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടും നയവും തിരുത്തണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ധിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വാജ്‌പേയിയുടെയും നയത്തിലേക്ക് പോകണം. സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രം വേണമെന്ന ആവശ്യത്തില്‍ ഇന്ത്യ പാലസ്തീന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കണം. യാസര്‍ അറാഫത്തിന്റെ പി എല്‍ ഒയ്ക്ക് അംഗീകാരം കൊടുത്ത ഭരണാധികാരിയാണ് ഇന്ദിരാഗാന്ധിയെന്നും ആന്റണി ചൂണ്ടികാട്ടി.
മതേതരത്വം സംരക്ഷിക്കാന്‍ വേണ്ടി സ്വയം രക്ഷസാക്ഷിത്വം വരിച്ച മതേതരവാദിയായിരുന്നു ഇന്ദിരാഗാന്ധി. ഇന്ത്യയുടെ ശക്തി ബഹുസ്വരതയാണ്. മതം, ജാതി, ഭാഷ, വര്‍ണ്ണം തുടങ്ങിയ വൈവിധ്യങ്ങളെ ബഹുമാനിക്കാന്‍ പഠിപ്പിച്ച നേതാവാണ് ഇന്ദിരാഗാന്ധി. ഏകത്വം അടിച്ചേല്‍പ്പിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും അത് അപകടമാണ്. ദേശസ്‌നേഹവും മതേതരമൂല്യങ്ങളും എന്നും ഉയര്‍ത്തിപ്പിടിക്കുകയും ഗാന്ധിയന്‍ മൂല്യങ്ങളും ആദര്‍ശങ്ങളും ഉള്‍ക്കൊള്ളുന്നവരുമാണ് നെഹ്‌റു കുടുംബം. നെഹ്‌റു കുടുംബത്തോട് അന്ധമായ വിശ്വാസമാണ് തനിക്കുള്ളതെന്നും എകെ ആന്റണി കൂട്ടിച്ചേര്‍ത്തു.
ലോകം കണ്ട ധീരയായ ഭരണാധികാരിയായിരുന്ന ഇന്ദിരാഗാന്ധി സാധാരണ ജനങ്ങളോട് എന്നും അനുകമ്പയും കരുണയും പുലര്‍ത്തുകയും പാവപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്‌തെന്നാണ് ചടങ്ങിൽ സംസാരിച്ച രമേശ് ചെന്നിത്തല പറഞ്ഞത്. കോണ്‍ഗ്രസ് എന്നും പാലസ്തീനൊപ്പമാണ്. പിറന്ന മണ്ണില്‍ ജീവിക്കാന്‍ പോരാടുന്ന ഒരു ജനതയോട് ഐക്യദാര്‍ഢ്യം പ്രഖാപിക്കാതിരിക്കാന്‍ എങ്ങനെ കഴിയും. പാലസ്തീന്‍ ജനതയുടെ പോരാട്ടത്തോടൊപ്പം നില്‍ക്കുന്നവരാണ് ഇന്ത്യന്‍ ജനത. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള നിലപാടല്ലത്. കോണ്‍ഗ്രസിന്റെ കരുത്തുറ്റ മുഖമായിരുന്നു സര്‍ദാര്‍ വല്ലഭായി പട്ടേല്‍. നെഹ്‌റുവും പട്ടേലും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്. ആര്‍ എസ് എസിനെ നിരോധിച്ച ഭരണാധികാരിയാണ് അദ്ദേഹം. നെഹ്‌റുവിന് മുകളില്‍ പട്ടേലിന് ഉയര്‍ത്തികാട്ടാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന അനീതിയാണ്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കും വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുസ്തകശേഖരത്തില്‍ നിന്നും കെ പി സി സി ലൈബ്രറിക്ക് കൈമാറിയ ആയിരത്തോളം ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തി ഉമ്മന്‍ചാണ്ടി സ്മാരക ബുക്ക് കോര്‍ണര്‍ തുറന്നു. കെ പി സി സി വൈസ് പ്രസിഡന്റ് എന്‍ ശക്തന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിക്ക് പുസ്തശേഖരം കൈമാറി. ഉമ്മന്‍ചാണ്ടിയുടെ മുന്‍ പ്രസ്സ് സെക്രട്ടറി പി ടി ചാക്കോ രചിച്ചതും എഡിറ്റ് ചെയ്തതുമായ 25 പുസ്തകങ്ങള്‍ ചെന്നിത്തല ഏറ്റുവാങ്ങി. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ടി യു രാധാകൃഷ്ണന്‍, ജി എസ് ബാബു, ജി സുബോധന്‍, കെ പി ശ്രീകുമാര്‍, പി എ സലീം, ദീപ്തി മേരി വര്‍ഗീസ്, രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജു, അടൂര്‍ പ്രകാശ് എം പി, ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, കെ മോഹന്‍കുമാര്‍, ചെറിയാന്‍ ഫിലിപ്പ്, പന്തളം സുധാകരന്‍, കൊറ്റാമം വിമല്‍കുമാര്‍, എസ് എസ് ലാല്‍, രഘുചന്ദ്രബാല്‍, കമ്പറ നാരായണന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം