നമ്മുടെ മഹത്തായ രാജ്യത്തെ മുഴുവൻ നിയന്ത്രിക്കുന്നത് ഇന്ത്യക്കാരോ...? ഇതെങ്ങനെ ശരിയാകുമെന്ന് കനേഡിയൻ രാഷ്ട്രീയ നേതാവ്

Published : Mar 12, 2026, 07:52 PM IST
Daniel Tyrie

Synopsis

കനേഡിയൻ രാഷ്ട്രീയ നേതാവായ ഡാനിയേൽ ടൈറി, കനേഡിയൻ സർക്കാർ നടത്തുന്നത് ഇന്ത്യൻ വംശജരാണെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. അനിത ആനന്ദ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പങ്കുവെച്ച അദ്ദേഹത്തിന്റെ പ്രസ്താവന, വംശീയമാണെന്ന കടുത്ത വിമർശനത്തിന് കാരണമായി, കാരണം ഈ ഉദ്യോഗസ്ഥരിൽ പലരും കാനഡയിൽ ജനിച്ചവരാണ്.

ഒട്ടാവ: കനേഡിയൻ സർക്കാരിൽ ഇന്ത്യൻ വംശജരായ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തെ ചോദ്യം ചെയ്ത് കനേഡിയൻ രാഷ്ട്രീയ നേതാവ് ഡാനിയേൽ ടൈറി ​​നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റ് ഓൺലൈനിൽ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചു. ഗ്ലോബൽ അഫയേഴ്‌സ് കാനഡ എങ്ങനെയാണ് പൂർണമായും ഇന്ത്യക്കാർ നടത്തുന്നതെന്ന് ടൈറി ​​എക്‌സിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്. കനേഡിയൻ സർക്കാരിനുള്ളിൽ പ്രവർത്തിക്കുന്ന നിരവധി ഇന്ത്യൻ വംശജരായ ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. കനേഡിയൻ സർക്കാറിൽ ഇന്ത്യക്കാർക്ക് അമിത പ്രാതിനിധ്യത്തിന്റെ തെളിവായാണ് അദ്ദേഹം ചിത്രം ഉപയോ​ഗിച്ചത്. അരുൺ തങ്കരാജ്, മനീന്ദർ സിദ്ധു, രൺദീപ് സരായ്, അനിത ആനന്ദ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

കാനഡയിലെ ഗതാഗത ഡെപ്യൂട്ടി മന്ത്രിയായ അരുൺ തങ്കരാജ് കാനഡയിലാണ് ജനിച്ചത്. പാർലമെന്ററി സെക്രട്ടറിയായ മനീന്ദർ സിദ്ധു ഇന്ത്യയിൽ ജനിച്ചെങ്കിലും ചെറുപ്പത്തിൽ തന്നെ കാനഡയിലേക്ക് കുടിയേറി. 1980 കളുടെ തുടക്കത്തിൽ വിദ്യാർത്ഥികളായി എത്തിയ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ സ്ഥിരതാമസമാക്കി. പിന്നീട് അവിടെ ഒരു കുടുംബ ബിസിനസ്സ് കെട്ടിപ്പടുത്തു. സറേ സെന്ററിലെ ലിബറൽ പാർലമെന്റ് അംഗമായ രൺദീപ് സരായ്, 1975 ഏപ്രിൽ 15 ന് വാൻകൂവറിൽ ജനിച്ചു, ബർണബിയിലാണ് വളർന്നത്. അദ്ദേഹത്തിന്റെ സിഖ് മാതാപിതാക്കൾ അദ്ദേഹം ജനിക്കുന്നതിന് മുമ്പ് പഞ്ചാബിൽ നിന്ന് കുടിയേറിയവരായിരുന്നു. മുൻ ദേശീയ പ്രതിരോധ മന്ത്രിയും നിലവിൽ ഓക്ക്‌വില്ലെയിലെ പാർലമെന്റ് അംഗവുമായ അനിത ആനന്ദ് 1967 ൽ നോവ സ്കോട്ടിയയിലെ കെന്റ്‌വില്ലിൽ ജനിച്ചു. അവരുടെ പിതാവ് എസ്.വി. ആനന്ദ് തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു സർജനും അമ്മ സരോജ് ഡി. റാം പഞ്ചാബിൽ നിന്നുള്ള ഒരു അനസ്‌തേഷ്യോളജിസ്റ്റുമായിരുന്നു. 1960 കളുടെ തുടക്കത്തിൽ ഇരുവരും കാനഡയിലേക്ക് കുടിയേറി.

കാനഡയിൽ ഇന്ത്യൻ വംശജരുടെ എണ്ണം അതിവേഗം വളരുന്നുവെന്നും ടൈറി പറയുന്നു. ഏകദേശം 1.8 ദശലക്ഷത്തിനും 2.9 ദശലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ളതായി കണക്കാക്കുന്നു. കാനഡയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 5.1% വരുമിത്. മുൻ സെൻസസിനെ അപേക്ഷിച്ച് ഇന്ത്യൻ സമൂഹം 17.5% വളർച്ച കൈവരിച്ചതായി സെൻസസ് ഡാറ്റ കാണിക്കുന്നു,.

അദ്ദേഹം പരാമർശിച്ച ഉദ്യോഗസ്ഥരിൽ പലരും കനേഡിയൻ വംശജരാണെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, ടൈറി ​​തന്റെ വാദത്തെ ന്യായീകരിച്ചു. കനേഡിയൻ ആകുക എന്നാൽ ഈ മഹത്തായ രാഷ്ട്രത്തിൽ സ്ഥിരതാമസമാക്കുകയും കെട്ടിപ്പടുക്കുകയും ചെയ്ത പയനിയർമാരിലേക്ക് നീണ്ടുനിൽക്കുന്ന തലമുറകൾ തമ്മിലുള്ള പരമ്പരയുടെ ഭാഗമാകുക എന്നതാണെന്നും കാനഡയിൽ രണ്ട് ഇന്ത്യക്കാർക്ക് ജനിച്ച ഒരാൾ ഇപ്പോഴും ഇന്ത്യക്കാരനാണെന്നും ഇയാൾ പറയുന്നു. ടൈറിയുടെ വാ​ദങ്ങൾ വംശീയതയാണെന്നും പലരും വിമർശിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎസ് വലിയ ലാഭമുണ്ടാക്കുന്നു എന്ന് ട്രംപ്, ലോകത്തിന്‍റെയാകെ ആശങ്കയെ നിസാരവൽക്കരിച്ച് അമേരിക്കൻ പ്രസിഡന്‍റ്; എണ്ണ വിലയിൽ പ്രതികരണം
അടിക്ക് തിരിച്ചടിയോ... ഇറാന്റെ അണ്ടർ വാട്ടർ ചാവേർ ബോട്ടുകൾ യുഎസിന്റെ സഫീസിയ വിഷ്ണുവിനെ തകർത്തത് ഇങ്ങനെ- ദൃശ്യങ്ങൾ പുറത്ത്