യൂറോപ്പിൽ തുടർച്ചയായ രണ്ടാം ദിവസവും വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി. ഫ്രാൻസ്, ബെൽജിയം, ഇറ്റലി, ബൾഗേറിയ എന്നിവിടങ്ങളിൽ നിരവധി വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി.
പാരിസ്: യൂറോപ്പിൽ വിവിധ രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് നേരെ തുടർച്ചയായ രണ്ടാം ദിവസവും വ്യാപക ബോംബ് ഭീഷണി. ഫ്രാൻസ്, ബെൽജിയം, ഇറ്റലി, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നിരവധി വിമാനങ്ങളാണ് ഭീഷണിയെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കിയത്. ഡബ്ലിനിൽ നിന്ന് റോമിലേക്ക് പറന്ന എയർബസ് എ320 വിമാനത്തിന് നേരെ ഭീഷണിയുണ്ടായതിനെ തുടർന്ന് ഫ്രാൻസിലെ എവ്റൂ സൈനിക വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ട് ലാൻഡ് ചെയ്യിച്ചു. യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിൽ വിശദമായ പരിശോധന നടത്തി വരികയാണ്.
ബെൽജിയത്തിലെ ബ്രസൽസ് വിമാനത്താവളത്തിലും ഒരു വിമാനം അടിയന്തരമായി താഴെയിറക്കി സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിനുപുറമെ, ഡബ്ലിൻ, ഫിൻലൻഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ഇറ്റലിയിലെ റോമിലേക്ക് എത്തിയ വിമാനങ്ങളും ഭീഷണിയെ തുടർന്ന് വ്യോമസേനാ വിമാനങ്ങളുടെ അകമ്പടിയോടെ റോം ഫിയുമിസിനോ എയർപോർട്ടിൽ ഇറക്കി.
ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലേക്കുള്ള വിമാനങ്ങൾക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടാകുന്നത് യൂറോപ്പിലെ വ്യോമഗതാഗത മേഖലയിൽ കടുത്ത ആശങ്കയ്ക്കും യാത്രാ തടസ്സങ്ങൾക്കും കാരണമായിട്ടുണ്ട്. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനായി സുരക്ഷാ ഏജൻസികൾ അന്വേഷണം ശക്തമാക്കി.




