
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭരണഘടനാ ഭേദഗതിയിലൂടെ കരസേനാ മേധാവി അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ ലഭിക്കും. അസിം മുനീർ എല്ലാ സേനകളുടെയും തലവനാകും. പാകിസ്ഥാന്‍റെ ആദ്യത്തെ പ്രതിരോധ സേനാ മേധാവിയാകാൻ (ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ്) ജനറൽ അസിം മുനീറിന് വഴിയൊരുക്കുകയാണ് പാകിസ്ഥാൻ. മൂന്ന് സേനകൾക്കിടയിലും ഏകോപനം ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
സായുധ സേനയുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ആർട്ടിക്കിൾ 243ലാണ് 27-ാമത് ഭരണഘടനാ ഭേദഗതി പ്രകാരം മാറ്റം വരുത്തുന്നത്. പുതിയ മാറ്റം അനുസരിച്ച് പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരം പ്രസിഡന്‍റാണ് ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സിനെയും സേനാ മേധാവിയെയും നിയമിക്കുക. പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സാണ് നാഷണൽ സ്ട്രാറ്റജിക് കമാൻഡ് തലവനെ നിയമിക്കുക എന്നും ബില്ലിൽ പറയുന്നു.
അസിം മുനീറിനെ പാകിസ്ഥാൻ സർക്കാർ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തി ഏതാനും മാസങ്ങൾക്ക് ശേഷം വീണ്ടും പുതിയ പദവി നൽകുകയാണ്. കൂടാതെ സായുധ സേനയിലെ അംഗങ്ങളെ ഫീൽഡ് മാർഷൽ, മാർഷൽ ഓഫ് ദി എയർ ഫോഴ്‌സ്, അഡ്മിറൽ ഓഫ് ദി ഫ്ലീറ്റ് എന്നീ പദവികളിലേക്ക് ഉയർത്താൻ ഈ നിയമം സർക്കാരിന് അധികാരം നൽകുന്നു. മെയ് മാസത്തിൽ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമാണ് സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന വിധത്തിൽ ഭരണഘടനാ ഭേദഗതിയിലേക്ക് പാകിസ്ഥാൻ നീങ്ങിയതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിയമമന്ത്രി അസം നസീർ തരാർ ഭേദഗതി സെനറ്റിൽ ശനിയാഴ്ച അവതരിപ്പിച്ചു. ചെയർമാൻ യൂസഫ് റാസ ഗിലാനി വോട്ടിനിടുന്നതിനു മുൻപ് ചർച്ചയ്ക്കായി കമ്മിറ്റിക്ക് വിട്ടു. അംഗങ്ങൾക്കിടയിൽ സമവായം ഉണ്ടാക്കാനാണ് നീക്കം. നാളെ വോട്ടെടുപ്പ് നടക്കുമ്പോൾ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. സെനറ്റിനു ശേഷം ബിൽ നാഷണൽ അസംബ്ലിയിൽ അവതരിപ്പിക്കും. അവിടെയും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കണം. നിയമമാകുന്നതിന് പ്രസിഡന്‍റിന്‍റെ അംഗീകാരവും വേണം. പുതിയ ഭരണഘടനാ ഭേദഗതിക്കെതിരെ പാകിസ്ഥാനിലെ പ്രതിപക്ഷം രംഗത്തെത്തി. ഭരണഘടനയുടെ അടിത്തറ ഇളക്കുന്നതാണ് ഈ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു.