
ഹ്വാംഗെ: കടുത്ത വരൾച്ചയെ തുടര്‍ന്ന് സിംബാബ്വെയിലെ ഹ്വാംഗെ ദേശീയോദ്യാനത്തിൽ നൂറിലേറെ ആനകള്‍ ചരിഞ്ഞു. എൽ നിനോ പ്രതിഭാസമാണ് കടുത്ത വരള്‍ച്ചയ്ക്ക് കാരണമായത്. സിംബാബ്‍വേയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമാണ് ഹ്വാംഗെ ദേശീയോദ്യാനം. വൈകിയെത്തിയ കുറഞ്ഞ മഴയും വരാനിരിക്കുന്ന കൊടും വേനലും പ്രതിസന്ധി ഇനിയും ഗുരുതരമാക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദേശീയോദ്യാന അധികൃതർ വിശദമാക്കുന്നത്. എൽ നിനോ പ്രതിഭാസം ഇനിയും ശക്തമാകുമെന്നാണ് നിരീക്ഷണം.
2019ൽ 200ൽ അധികം ആനകൾ ചരിഞ്ഞത് പോലുള്ള അവസ്ഥ വീണ്ടും ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് ദേശീയോദ്യാനത്തിലെ അധികൃതർ. വെള്ളമില്ലാതെ കുട്ടിയാനകൾ പാടുപെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം ദേശീയോദ്യാനത്തിന്റെ ഏജന്‍സി പുറത്ത് വിട്ടിട്ടുണ്ട്. കുട്ടിയാനകളും പ്രായമായ ആനുകളുമാണ് വരൾച്ച മൂലം സാരമായി ബാധിക്കപ്പെട്ടവരെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വിശദമാക്കുന്നത്. ശരാശരി വലിപ്പമുള്ള ആന ഒരു ദിവസം ഏകദേശം 52 ഗാലണ്‍ വെള്ളമാണ് അകത്താക്കുക. വരൾച്ച മൂലം ചരിഞ്ഞ ആനകളുടെ കൊമ്പുകൾ ദേശീയോദ്യാന അധികൃതർ നീക്കം ചെയ്യുന്നുണ്ട്.
വേട്ടക്കാരുടെ ശല്യം തടയാനാണ് ഇത്. 45000 ആനകളും നൂറോളം സസ്തനി വിഭാഗങ്ങൾ 400ഓളം പക്ഷി വിഭാഗങ്ങൾ എന്നിവയുടെ താവളമാണ് ഹ്വാംഗെ ദേശീയോദ്യാനം. ഇവിടെ ഇക്കൊല്ലം മഴക്കാലം ഏറെ വൈകിയാണ് എത്തിയത്. സാധാരണ തന്നെ വരണ്ട മേഖലയായ പ്രദേശത്തെ എൽ നിനോ പ്രതിഭാസം ഒന്നുകൂടി വരണ്ടതാക്കിയെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. ഹ്വാംഗെ ദേശീയോദ്യാനത്തിലെ ചെറിയ കുളങ്ങളിലും ജലസ്രോതസുകളിലും ദിവസേന 1.5 മില്യണ്‍ ലിറ്റർ വെള്ളമാണ് അധികൃതർ പമ്പ് ചെയ്യുന്നത്. 5600 സ്ക്വയർ മൈല്‍ വലിപ്പമുള്ള പാർക്കിലൂടെ നദികളൊന്നുമില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
തെക്കേ അമേരിക്കയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന താപ വ്യതിയാനമാണ് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ആഴത്തിൽ സ്വാധീനിക്കുന്നത്. ഇത് ഭക്ഷ്യ ഉൽപ്പാദനം, ജലലഭ്യത, എന്നിവയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം