ഇറാൻ-ഇസ്രായേൽ യുദ്ധം ഇന്ത്യയിലെ ഇന്ധന വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നു. വിതരണം തടസ്സപ്പെടുമെന്ന ഭീതിയിൽ ജനങ്ങൾ പാചകവാതക സിലിണ്ടറുകൾ വാങ്ങിക്കൂട്ടുന്നതിനാൽ സർക്കാർ ബുക്കിംഗിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതേസമയം, ബംഗളൂരുവിൽ വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിലച്ചതോടെ ഹോട്ടലുകൾ അടച്ചിടൽ ഭീഷണിയിലാണ്.

ബംഗളൂരു: ഇറാൻ-ഇസ്രായേൽ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ ഇന്ധന വിപണിയിൽ ആശങ്ക പടരുന്നു. ഉത്തർപ്രദേശിലും ദില്ലി എൻസിആർ മേഖലയിലും ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് ഇന്നലെ ഉണ്ടായത്. യുദ്ധം മൂലം വിതരണം തടസപ്പെടുമെന്ന ഭീതിയിൽ ആളുകൾ കൂട്ടത്തോടെ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതാണ് തിരക്കിന് പ്രധാന കാരണം. നിലവിൽ രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ, പൂഴ്ത്തിവെപ്പ് തടയുന്നതിനായി പുതിയ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിന് മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഉത്തരവ് പ്രകാരം, ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കൾക്ക് 21 ദിവസത്തിന് ശേഷം മാത്രമേ അടുത്ത ബുക്കിംഗ് നടത്താൻ സാധിക്കൂ. രണ്ട് സിലിണ്ടറുകൾ ഉള്ളവർക്ക് ഇത് 30 ദിവസമായി വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സിലിണ്ടർ വിലയിൽ 60 രൂപയുടെ വർദ്ധനവ് ഉണ്ടായതും വിതരണത്തിലെ നിയന്ത്രണങ്ങളും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി വർദ്ധിപ്പിച്ചു. ഇതോടെ പലയിടങ്ങളിലും പാചകവാതകം കരിഞ്ചന്തയിൽ 1,500 രൂപ വരെ ഈടാക്കി വിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ദില്ലി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ബുക്കിംഗിൽ 20 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ പാചകവാതക ഇറക്കുമതിയുടെ 80 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. യുദ്ധം മൂലം ഈ പാതയിൽ തടസ്സമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അൾജീരിയ, ഓസ്‌ട്രേലിയ, കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അധികമായി പാചകവാതകം എത്തിക്കാൻ സർക്കാർ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. നിലവിൽ രാജ്യത്തെ വിതരണ ശൃംഖല സുരക്ഷിതമാണെന്നും അനാവശ്യമായി ഗ്യാസ് സിലിണ്ടറുകൾ വാരിക്കൂട്ടാൻ ശ്രമിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ബംഗളൂരുവിൽ പ്രതിസന്ധി

അതേസമയം, ബംഗളൂരുവിൽ പാചകവാതക പ്രതിസന്ധി രൂക്ഷമായി. ഹോട്ടലുകൾക്കുള്ള വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിലച്ചു. ഇന്നലെ വിതരണം ചെയ്തത് 20 ശതമാനം മാത്രമാണ്. പ്രതിസന്ധി രൂക്ഷമെന്ന് കർണാടക ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ഇന്ന് ഉച്ചയ്ക്ക് ശേഷം ഹോട്ടലുകൾ അടച്ചിടും എന്ന് മുന്നറിയിപ്പ്.