
റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ നടുക്കി വൻ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മുന്നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് അന്തര്‍ ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറകേഷ് നഗരത്ത് തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്ലാന്‍റിസ് മലനിരകളാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്പമുണ്ടായതെന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വിശദമാക്കുന്നത്.
വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം പത്ത് മണി കഴിഞ്ഞാണ് ഭൂകമ്പമുണ്ടായത്. ആദ്യത്തെ ഭൂകമ്പത്തിന് പിന്നാലെ 4.9 തീവ്രതയില്‍ വീണ്ടും ഭൂകമ്പമുണ്ടായത് ആളുകളെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മറകേഷ് നഗരത്തിലെ തെക്കന്‍ മേഖലയിലാണ് ആൾനാശം ഏറെയുള്ളത്. പ്രാദേശിക അധികൃതരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 296 പേരുടെ മരണം നിലവില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ഭൂകമ്പങ്ങള്‍ക്ക് പിന്നാലെ ആളുകള്‍ അല്‍പ പ്രാണനോടെ തുറസായ പ്രദേശങ്ങളില്‍ നിന്നതാണ് ആള്‍നാശത്തെ കൂടുതല്‍ ഉയര്‍ന്ന് നിലയിലേക്ക് പോകാതിരിക്കാന്‍ കാരണമായെന്നാണ് പ്രദേശവാസികള്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്.
കാസാബ്ലാന്‍കയിലും എസ്സൌറിയയിലും ഭൂകമ്പത്തിന്‍റെ പ്രകമ്പനങ്ങള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ചരിത്ര സ്മാരകങ്ങളും നിരവധി കെട്ടിടങ്ങളും ഭൂകമ്പത്തില്‍ തകർന്നടിഞ്ഞു. മേഖലയിലെ രക്ഷാപ്രവർത്തനം ദുഷ്കരമായിട്ടുള്ളതിനാല്‍ മരണസംഖ്യ ഉയരുമെന്ന് ആശങ്കയാണ് നിലവിലുള്ളത്. വലിയ ശബ്ദം കേട്ടുവെന്നും കെട്ടിടങ്ങള്‍ ഒഴുകി നീങ്ങുന്നത് പോലെ തോന്നിയെന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രദേശവാസികള്‍ വിശദമാക്കുന്നത്.
നിരവധിപ്പേര്‍ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂകമ്പത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തിയ കുറിപ്പിലൂടെ പ്രധാനമന്ത്രി വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം