- Home
- News
- International News
- ഇസ്രായേലും അമേരിക്കയും ഭയക്കുന്ന ഇറാന്റെ തുരുപ്പുചീട്ട്; അപകടകാരിയായ ഷാഹിദ് ഡ്രോണുകള്‍!
ഇസ്രായേലും അമേരിക്കയും ഭയക്കുന്ന ഇറാന്റെ തുരുപ്പുചീട്ട്; അപകടകാരിയായ ഷാഹിദ് ഡ്രോണുകള്‍!
അമേരിക്കയ്ക്കും ഇസ്രായേലിനും വലിയ വെല്ലുവിളിയാണ് ഇറാന്റെ ഷാഹിദ് ഡ്രോണുകള്‍. ട്രംപ് ഭരണകൂടം തന്നെ ചൊവ്വാഴ്ച ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. എന്താണ് ഇറാന്റെ ഈ മാരകായുധങ്ങളുടെ പ്രത്യേകത? ഈ യുദ്ധത്തില്‍ അതെങ്ങനെ സൂപ്പര്‍താരമായി?

ഇര കാത്തുകഴിയുന്ന സിംഹമാണ് അമേരിക്കയുടെ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പല്‍. ഇക്കഴിഞ്ഞ ദിവസം അതിനുനേരെ ഇറാന്റെ ഷാഹിദ്-139 ഡ്രോണുകള്‍ വട്ടമിട്ടുചെന്നു. അടുത്ത നിമിഷം, കപ്പലിലെ എഫ്-35 സി പോര്‍വിമാനം ആ ഡ്രോണുകളെ വെടിവെച്ചിട്ടു. ഓപ്പറേഷന്‍ സക്‌സസ് എന്നുപറയാം. പക്ഷേ, സത്യത്തില്‍ അതൊരു നഷ്ടക്കച്ചവടമായിരുന്നു. ഷാഹിദ് ഡ്രോണിന്റെ വില വെറും 40 ലക്ഷം രൂപയാണ്. അതിനെ വെടിവെച്ചിടാന്‍ യു എസ് ഉപയോഗിച്ച മിസൈലിന്റെ വിലയോ മൂന്ന് കോടിയിലേറെയും. അതായത്, കൊതുകിനെക്കൊല്ലാന്‍ പീരങ്കി!
ഈ വ്യത്യസമാണ് ഇറാന്റെ ഷാഹിദ് ഡ്രോണുകളെ ഈ യുദ്ധത്തിലെ താരമാക്കിയത്. ഇറാന്‍ ആക്രമണത്തിന്റെ നട്ടൊണത്. അത്യാധുനിക പോര്‍വിമാനങ്ങളും വമ്പന്‍ ബാലിസ്റ്റിക് മിസൈലുകളും ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും വിഹരിക്കുന്ന കാട്ടില്‍, ഏത് സിഹത്തെയും വിറപ്പിക്കുന്ന ചാവേറുകള്‍. റഡാറുകളെയും മിസൈല്‍ പ്രതിരോധ ഉപകരണങ്ങളെയും വെട്ടിക്കുന്ന വിധം വേഗത കുറച്ച് താഴ്ന്ന് പറന്ന്, വീണിടം വിഷ്ണുലോകമാക്കുന്ന അപകടകാരി.
ഇറാന്‍ എയര്‍ക്രാഫ്റ്റ് മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍. ഷാഹിദിനു പിന്നില്‍ ഇവരാണ്. ഉപരോധം മറികടക്കാന്‍ വിപണിയില്‍ ലഭ്യമായ സാധാരണ ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇതിനുപയോഗിച്ചത്. ഉള്ളിലുള്ള പല ഭാഗങ്ങളും അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ വാണിജ്യ ഉല്‍പ്പന്നങ്ങളാണ്. വിപണിയില്‍ ലഭ്യമായ ഇത്തരം ഉപകരണങ്ങളാണ് ഇറാന്റെ ആയുധപ്പുരകളില്‍ മാരകായുധങ്ങളായി മാറുന്നത്. ഷാഹിദ് ഡ്രോണുകള്‍ രണ്ട് പ്രധാന മോഡലുകളില്‍ ലഭ്യമാണ്. 900 കി.മീ വരെ പറക്കുന്ന ഷാഹിദ്-131, 2,500 കിലോ മീറ്റര്‍ വരെ പറക്കുന്ന ഷാഹിദ്-136.
ചെറിയ യുദ്ധവിമാനത്തിന്റെ രൂപമാണ് ഷാഹിദിന്. 10 അടി നീളവും എട്ടടി ചിറകുകളും. 16 മുതല്‍ 42 ലക്ഷം രൂപ വില. ഒരു ജര്‍മ്മന്‍ എഞ്ചിന്‍ ഡിസൈന്‍ പകര്‍പ്പാണ് ഇതില്‍ ഉപയോഗിക്കുന്നത്. രണ്ടായിരം കിലോമീറ്ററില്‍ കൂടുതല്‍ പറക്കും. ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ തകര്‍ക്കാന്‍ കൂട്ടത്തോടെ ആക്രമണം നടത്തും. ടാര്‍ഗറ്റ് കൃത്യമാക്കി കോര്‍ഡിനേറ്റ് നല്‍കിയാല്‍, പറന്നെത്തി കഥ കഴിക്കും. മുന്‍ഭാഗത്താണ് സ്‌ഫോടകവസ്തു. ലക്ഷ്യം തൊടുമ്പോള്‍ അവ പൊട്ടിത്തെറിക്കുന്നു.
മൂന്ന് രീതികളിലാണ് ഇവയുടെ ആക്രമണം. ഒന്ന്, സാറ്റലൈറ്റ് വഴി കിലോമീറ്ററുകള്‍ അകലെയിരുന്ന് നിയന്ത്രിച്ച് ആക്രമണം നടത്താം. രണ്ട്, ഇന്‍ബില്‍റ്റ് ജിപിഎസ് സംവിധാനം വഴി ആക്രമിക്കാം. മൂന്ന് എ ഐ ഉപയോഗിച്ച് റഡാറുകളെ വെട്ടിച്ച് ആക്രമണം നടത്തും. ഇവ വിക്ഷേപിക്കുന്നത് വളരെ എളുപ്പമാണ്. ട്രക്കില്‍ ഘടിപ്പിച്ച കണ്ടെയ്‌നര്‍ മതിയാകും ഇവ തൊടുക്കാന്‍. ഷാഹിദ് നിര്‍മ്മാണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തുമ്പോഴും അദൃശ്യരായി അവ പറന്നെത്തുന്നു. തകര്‍ക്കേണ്ടവയെ തകര്‍ക്കുന്നു.
കുറഞ്ഞ വേഗതയാണ് ഇവയുടെ പ്രത്യേകത. താഴ്ന്ന് പറക്കും. അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളെ കൂളായി പറ്റിക്കും. റഡാര്‍ സോഫ്റ്റ്വെയറുകള്‍ പതുക്കെ നീങ്ങുന്ന വസ്തുക്കളെ അവഗണിക്കാറാണ് സാധാരണ പതിവ്. വേഗത കുറഞ്ഞ വസ്തുക്കളെ കണ്ടെത്താന്‍ റഡാര്‍ ക്രമീകരിച്ചാലാവട്ടെ പക്ഷികളെയോ സിവിലിയന്‍ വിമാനങ്ങളെയോ തെറ്റായി തിരിച്ചറിയാനും സാധ്യതയുണ്ട്. എങ്കിലും, ഈ ഡ്രോണുകള്‍ക്ക് ചില പോരായ്മകളുമുണ്ട്. വേഗത കുറവാണ്, പല്ലുവെട്ടിയന്ത്രത്തിന്റെ ശബ്ദമാണ്. വലിപ്പം കുറഞ്ഞതിനാല്‍ കുറച്ച് സ്‌ഫോടകവസ്തുക്കളേ വഹിക്കാനാവൂ. അതിനാല്‍ നാശനഷ്ടം കുറവാണ്. കൂടാതെ, ഇലക്ട്രോണിക് യുദ്ധമുറകളിലൂടെ ഇവയുടെ സഞ്ചാരപഥം തടസ്സപ്പെടുത്താനും സാധിക്കും.
ഷാഹിദ് വലിയ തലവേദനയായതോടെ കുറച്ചുകാലമായി അമേരിക്കയും ഡ്രോണ്‍ നിര്‍മാണ രംഗത്തുണ്ട്. ഇറാന്‍ ഡ്രോണുകളുടെ കോപ്പിയടിയാണ് അമേരിക്കയുടെ ലൂക്കാസ് ഡ്രോണുകള്‍. കഴിഞ്ഞയാഴ്ച ഇറാനെ ആക്രമിക്കാനാണ് അമേരിക്ക ആദ്യമായി ഈ ഡ്രോണുകള്‍ ഉപയോഗിച്ചത്. അരിസോണയിലെ 'സ്പെക്ട്രെ വര്‍ക്‌സ്' എന്ന ചെറിയ സ്റ്റാര്‍ട്ടപ്പാണ് ലൂക്കാസ് നിര്‍മ്മാണം. സ്റ്റാര്‍ലിങ്കിന്റെ സൈനിക പതിപ്പായ 'സ്റ്റാര്‍ഷീല്‍ഡ്' ആണ് ഇത് ഉപയോഗിക്കുന്നത്. അത്യാധുനികമായ ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതിനായി ആന്‍ഡുറില്‍, സ്‌കൈഡിയോ തുടങ്ങിയ കമ്പനികളുമായി അമേരിക്കന്‍ സൈന്യം കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. ചെലവ് കുറഞ്ഞ ഡ്രോണുകള്‍' നിര്‍മ്മിക്കുന്നതിനായി ട്രംപ് ഭരണകൂടം 1.1 ബില്യണ്‍ ഡോളറാണ് വകയിരുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

