
ടോക്കിയോ: ജപ്പാനിൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വാൻ ഇടിച്ചു കയറ്റാൻ ശ്രമിക്കുകയും ഭരണകക്ഷിയുടെ ഓഫീസിലേക്ക് പെട്രോൾ ബോംബുകൾ എറിയുകയും ചെയ്ത ആൾ അറസ്റ്റിൽ. അക്രമി എത്തിയ വാഹനത്തിനകത്ത് നിന്ന് നിരവധി പെട്രോൾ ബോംബുകളാണ് പൊലീസ് കണ്ടെടുത്തത്. അക്രമത്തിൽ ആർക്കും പരിക്കില്ല എന്നാൽ പൊലീസിന്റെ ചില വാഹനങ്ങൾ ആക്രമണത്തിൽ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. ജപ്പാനിലെ ഭരണപക്ഷ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ആസ്ഥാനത്താണ് ആക്രമണം നടന്നത്. ശനിയാഴ്ച പുലർച്ചെയോടെയാണ് ആക്രമണം നടന്നത്.
ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് 500 മീറ്ററോളമാണ് അക്രമി വാഹനം ഓടിച്ച് കയറ്റിയത്. എന്നാൽ പൊലീസ് പുക ബോംബ് എറിഞ്ഞതിന് പിന്നാലെ വാഹനം നിയന്ത്രണം വിട്ട് ഒരു വേലിയിലേക്ക് ഇടിച്ച് കയറി നിൽക്കുകയായികുന്നു. ഇതോടെ വാഹനത്തിന് പുറത്തിറങ്ങിയ അക്രമി ഇയാൾ എത്തിയ മിനിവാനിന് തീയിടുകയായിരുന്നു. എന്നാൽ കാറിൽ തീ കത്തിപ്പടരുന്നതിന് മുൻപായി പൊലീസ് തീ നിയന്ത്രണ വിധേയമാക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ വാഹനത്തിലുണ്ടായിരുന്ന പെട്രോൾ ബോംബിന് തീ പിടിക്കാരിക്കുന്നതാണ് വലിയ അപകടത്തിലേക്ക് കലാശിക്കാതിരുന്നതിനും അക്രമിയെ പിടിക്കുന്നതിനും സഹായിച്ചത്.
ജപ്പാനിലെ സൈതാമ പ്രിഫെക്ചറിലെ കവാഗുച്ചി സ്വദേശിയായ 49കാരനാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ശനിയാഴ്ച വൈകീട്ട് 49കാരന്റെ വീട് പൊലീസ് അരിച്ച് പെറുക്കിയിരുന്നു. മകന്റെ അതിക്രമം അറിഞ്ഞ് ഞെട്ടിയതായാണ് 49കാരനൊപ്പം താമസിച്ചിരുന്ന പിതാവ് അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ജപ്പാനിലെ ന്യൂക്ലിയർ പദ്ധതികൾക്കെതിരായ പ്രതിഷേധത്തിൽ മകൻ സജീവ പങ്കാളി ആയിരുന്നതായാണ് പിതാവ് പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. പത്തിലേറെ പ്ലാസ്റ്റിക് ക്യാനുകളിലായി മണ്ണെണ്ണയും ഇയാളുടെ വാനിൽ നിന്ന് കണ്ടെത്തിയിരുന്നു.
ഒക്ടോബർ 27ന് പാർലമെന്റിലെ ലോവർ ഹൌസിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അക്രമം എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. ജപ്പാൻ പ്രധാനമന്ത്രിയും 2024 മുതൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റുമായിട്ടുള്ള ഷിഗെരു ഇഷിബ പ്രചാരണ പരിപാടികൾ പങ്കെടുക്കുമ്പോഴാണ് അക്രമം നടന്നത്. ജനാധിപത്യം അതിക്രമങ്ങളെ അതിജീവിക്കുമെന്നാണ് ഷിഗെരു ഇഷിബ അക്രമ സംഭവത്തേക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. സംഭവത്തിന് പിന്നാലെ സ്ഥാനാർത്ഥികൾക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 2022 ജൂലൈയിൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ ഒരു പൊതുവേദിയിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കുമെതിരെ വധശ്രമം നടന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam