നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ, 'ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങൾ ഐഎഇഎ തലവനെ സന്ദർശിക്കാൻ അനുവദിക്കില്ല'

Published : Jun 28, 2025, 12:02 AM ISTUpdated : Jun 28, 2025, 10:20 AM IST
Iran

Synopsis

ഐ എ ഇ എ മേധാവി സ്വന്തം കടമകളെ വഞ്ചിച്ചെന്നും ഇറാനിലെ ആണവകേന്ദ്ര ആക്രമണങ്ങൾക്ക് ഐ എ ഇ എ ഉത്തരവാദിയെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു.

ടെഹ്റാൻ: ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങൾ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) തലവനെ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ. രാജ്യത്തിന്‍റെ നിലപാട് വ്യക്തമാക്കിയത് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ്. ഐ എ ഇ എ മേധാവി സ്വന്തം കടമകളെ വഞ്ചിച്ചയാളെന്ന വിമർശനമടക്കം ഉയർത്തിയാണ് വിദേശകാര്യ മന്ത്രി ഇറാന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചത്. ഇറാനിലെ ആണവകേന്ദ്രങ്ങളിലേക്കടക്കം നിലവിലുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഐ എ ഇ എക്ക് ഉത്തരവാദിത്തമുണ്ടെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇത്തരത്തിലുള്ള ദുരുദ്ദേശത്തോടെയുള്ള നീക്കങ്ങളെ തുടർന്നും എതിർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

സംഘർഷകാലത്ത് തങ്ങളെ സഹായിക്കാത്തതിന്‍റെ പേരിൽ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കുന്നതായി ഇറാൻ ഇന്നാലെ വ്യക്തമാക്കിയിരുന്നു. ഇറാൻ പാർലമെന്‍റ് നേരത്തെ തന്നെ പാസാക്കിയ തീരുമാനം ഗാർഡിയൻ കൗൺസിൽ കൂടി ഇന്നലെ അംഗീകരിച്ചതോടെ ഐ എ ഇ എയുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കുകയായിരുന്നു. ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനി ഐ എ ഇ എയുമായി ഒരുതരത്തിലുമുള്ള സഹകരണവുമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. സഹകരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രതിനിധികള്‍ക്ക് ഇനി ഇറാനിൽ പ്രവേശിക്കാനോ പരിശോധനകള്‍ നടത്താനോ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ആണവോര്‍ജ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിംഗ് ക്യാമറകള്‍ നീക്കം ചെയ്യാനും ഇറാൻ തീരുമാനിച്ചിട്ടുണ്ട്.

ഇസ്രയേലുമായുള്ള വെടിനിര്‍ത്തലിന് തൊട്ടുമുമ്പാണ് ഐ എ ഇ എയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇറാന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചത്. വെടിനിര്‍ത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ശക്തമായ തീരുമാനവുമായി മുന്നോട്ടുപോകാന്‍ ഇറാന്‍ പാര്‍ലമെന്റ് ശുപാർശയും നൽകി. ഈ സാഹചര്യത്തിലാണ് ഗാര്‍ഡിയന്‍ കൗണ്‍സിലും ഇന്നലെ തീരുമാനം ശരിവച്ചത്. ഗൗര്‍ഡിയന്‍ കൗണ്‍സില്‍ കൂടി തീരുമാനം അംഗീകരിച്ചതോടെ നിയമം പ്രാബല്യത്തിലാകുകയായിരുന്നു.

അതേസമയം ഇസ്രായേലുമായുളള യുദ്ധം അവസാനിച്ച സാഹചര്യത്തില്‍ ഇറാനുമായി അമേരിക്ക അടുത്തയാഴ്ച ചര്‍ച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ആണവകരാറില്‍ ഒപ്പുവെക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു. അടുത്തയാഴ്ച ചര്‍ച്ച ഉണ്ടാകുമെന്ന വിവരം നെതര്‍ലന്‍ഡ്സില്‍ നടന്ന നാറ്റോ യോഗത്തിനിടെ ട്രംപ് തന്നെയാണ് സൂചന നൽകിയത്. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് തടയാനുളള 2015 ലെ കരാറില്‍ നിന്ന് ട്രംപ് ആദ്യം പ്രസിഡന്‍റായ കാലത്ത് അമേരിക്ക പിന്മാറിയിരുന്നു. എന്നാല്‍ ട്രംപിന്‍റെ പ്രഖ്യാപനത്തോട് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനിടെ യു എസ് ആക്രമണത്തില്‍ ഫോര്‍ദോ അടക്കമുളള ആണവ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചെന്ന് ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവ് ഇസ്മായില്‍ ബാഗെയി രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ നാശനഷ്ടത്തിന്‍റെ തോത് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

 

PREV
Read more Articles on
click me!

Recommended Stories

പ്രതാപത്തിന്റെ നെറുകയിൽനിന്ന് പടുകുഴിയിലേക്ക്; പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തകർന്നത് എങ്ങനെ?
പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം