ഗാസയിൽ വെടിനിർത്തലിന് ഇസ്രയേലിന് മേൽ സമ്മർദവുമായി ട്രംപ്

Published : Jun 27, 2025, 02:52 PM ISTUpdated : Jun 27, 2025, 02:55 PM IST
Gaza after Israel Hamas ceasefire

Synopsis

ഇസ്രയേലും ഹമാസും തമ്മിലെ യുദ്ധം 20ാം മാസത്തിൽ എത്തിയിരിക്കുകയാണ്.

വാഷിങ്ടണ്‍: ഗാസയിൽ വെടിനിർത്തലിന് ഇസ്രയേലിന് മേൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ സമ്മർദം. വിശദമായ വെടിനിർത്തൽ കരാർ വൈകാതെ ഉണ്ടായേക്കുമെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയുടെ ഭരണം നാലു അറബ് രാജ്യങ്ങളുടെ മേൽനോട്ടത്തിൽ ആക്കുക എന്ന നിർദേശം പരിഗണനയിലുണ്ട്.

20 ലക്ഷം പേരുള്ള ഗാസ മുനമ്പിന്‍റെ ഭരണം ഈജിപ്തും യുഎഇയുമടക്കം നാല് അറബ് രാജ്യങ്ങളുടെ നേതൃത്വത്തിലാക്കുക എന്നതാണ് പ്രധാന നിർദേശമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലസ്തീനെ രാജ്യമായി ഇസ്രയേൽ അംഗീകരിക്കണമെന്നാണ് അറബ് രാജ്യങ്ങൾ തിരിച്ച് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാൻ നെതന്യാഹു തയ്യാറാവുന്നില്ല എന്നതാണ് ചർച്ചകൾക്ക് പ്രധാന തടസ്സം. എന്നാൽ ട്രംപും നെതന്യാഹുവും തമ്മിൽ പ്രധാനപ്പെട്ട ചർച്ചകൾ നടക്കുകയാണെന്നും വൈകാതെ വെടിനിർത്തൽ ഉണ്ടാകുമെന്നുമാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇസ്രയേലും ഹമാസും തമ്മിലെ യുദ്ധം 20ാം മാസത്തിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കളുടെ വിതരണത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ സൈനികർ വെടിവയ്പ് നടത്തിയത് വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു. 40 പലസ്തീൻ സ്വദേശികളാണ് അന്ന് കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ ഇത്തരം വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500ലേറെയായെന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തത്.

ഗാസയുടെ തെക്കൻ നഗരമായ റാഫയിൽ ഇസ്രയേൽ സൈനികരുടെ കനത്ത സുരക്ഷയിൽ നടക്കുന്ന സഹായ വിതരണ മേഖലയിലാണ് വെടിവയ്പുണ്ടായത്. കഴി‌‌ഞ്ഞ മാസമാണ് അമേരിക്കയുടെ സഹായത്തോടെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ യുദ്ധം തകർത്ത ഗാസയിൽ സഹായ വിതരണം ആരംഭിച്ചത്. ഇസ്രയേൽ - ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ 20 മാസം നീണ്ട ഗാസയിലെ യുദ്ധത്തിനും അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പലസ്തീനിലെ സാധാരണക്കാരുള്ളത്.

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു