
ന്യൂയോർക്ക്: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകൻ ട്രംപ് ജൂനിയർ. ബൈഡൻ ഭരണകൂടം യുക്രൈന് അടുത്തിടെ നൽകിയ സഹായം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ജൂനിയറിന്‍റെ ആരോപണം. റഷ്യയെ ലക്ഷ്യമിട്ട് അമേരിക്ക നൽകുന്ന ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രേനിയൻ സൈന്യത്തിന് അനുമതി നൽകാനുള്ള പ്രസിഡന്‍റ് ജോ ബൈഡന്‍റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപ് ജൂനിയറിന്‍റെ പ്രതികരണം. നിയുക്ത പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്ന ജനുവരി 20നാണ് ബൈഡന്‍റെ കാലാവധി അവസാനിക്കുന്നത്.
ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് യുഎസ് നീക്കിയത്. റഷ്യ - യുക്രൈൻ യുദ്ധത്തിൽ യുഎസ് നയത്തിലുണ്ടാകുന്ന സുപ്രധാന മാറ്റമാണ് ദീര്‍ഘദൂര മിസൈലുകള്‍ക്കുള്ള വിലക്ക് നീക്കിക്കൊണ്ട് ബൈഡനെടുത്ത തീരുമാനം. യുദ്ധമവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ബൈഡന്‍റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
വിലക്ക് നീക്കയിതിന് പിന്നാലെ ആദ്യഘട്ടമായി പശ്ചിമ റഷ്യയിലെ കസ്‌ക് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന റഷ്യന്‍ - ഉത്തര കൊറിയന്‍ സംയുക്ത സേനയ്ക്കെതിരെയാകും യുക്രൈന്‍റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പുതിയ തീരുമാനം സംബന്ധിച്ച് വൈറ്റ് ഹൗസിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളുണ്ടായിട്ടില്ല. എന്നാൽ വാർത്തകൾ സ്ഥിരീകരിക്കുന്നതാണ് യുക്രൈൻ പ്രസിഡന്‍റ് വൊളോദിമർ സെലൻസ്കിയുടെ പ്രതികരണം.
മാധ്യമങ്ങളിലെ ചർച്ച ഉചിതമായ നടപടി സ്വീകരിക്കാൻ അനുമതി ലഭിച്ചെന്നാണ്, വാക്കുകൾ കൊണ്ടല്ല പോരാട്ടം നടക്കേണ്ടത്. അതിനാൽ അത്തരം കാര്യങ്ങളൊന്നും പ്രഖ്യാപിക്കുന്നില്ല, മറുപടി മിസൈലുകൾ പറയുമെന്നുമായിരുന്നു സെലൻസ്കിയുടെ പ്രതികരണം. വരും ദിവസങ്ങളിൽ ആദ്യത്തെ ദീർഘദൂര ആക്രമണം നടത്താൻ യുക്രൈൻ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. 190 മൈൽ (306 കിലോമീറ്റർ) വരെ ദൂരപരിധിയുള്ള റോക്കറ്റുകൾ ഉപയോഗിച്ചായിരിക്കും റഷ്യക്ക് മേൽ യുക്രൈൻ സ്ട്രൈക്ക് നടത്തുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam