ആങ് സാന്‍ സ്യൂചിക്ക് വീണ്ടും ജയിൽ ശിക്ഷ: മ്യാന്മറിൽ വീണ്ടും ജനനേതാവിനെ ശിക്ഷിച്ച് 'പട്ടാളനീതി'

By Web TeamFirst Published Dec 6, 2021, 12:27 PM IST
Highlights

ഫെബ്രുവരി മുതൽ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു സ്യൂചി. ഇവരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കിയും നേതാക്കളെ തടവിൽ വെച്ചുമാണ് മ്യാന്മറിൽ സൈന്യം ഭരണം പിടിച്ചത്

ദില്ലി: മ്യാന്മറിൽ അധികാരത്തിൽ നിന്ന് പുറന്തള്ളപ്പെട്ട നേതാവ് ആങ് സാന്‍ സ്യൂചിയെ നാല് വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു. കൊവിഡ് ചട്ടങ്ങൾ ലംഘിച്ചെന്നതും ജനത്തിനിടയിൽ വിഭാഗീയത സൃഷ്ടിച്ചതിനുമാണ് കേസ്. ഇവർക്കെതിരെ 11 ഓളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതെല്ലാം ഇവർ നിരസിക്കുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി മുതൽ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു സ്യൂചി. ഇവരുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കിയും നേതാക്കളെ തടവിൽ വെച്ചുമാണ് മ്യാന്മറിൽ സൈന്യം ഭരണം പിടിച്ചത്.

കോടതി ശിക്ഷിച്ചെങ്കിലും സ്യൂചിയെ എപ്പോഴാണ് ജയിലിലേക്ക് മാറ്റുകയെന്ന് വ്യക്തമല്ല. സ്യൂചിക്കൊപ്പം കുറ്റവിചാരണ ചെയ്യപ്പെട്ട മുൻ മ്യാന്മർ പ്രസിഡന്റും സ്യൂചിയുടെ നാഷണൽ ലീഗ് ഫോർ ഡമോക്രസി പാർട്ടി സഖ്യനേതാകവുമായ വിൻ മ്യിന്റിനെ തിങ്കളാഴ്ച സമാന കുറ്റങ്ങൾ ചുമത്തി നാല് വർഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു.

സ്യൂചിക്കെതിരായ ശിക്ഷാനടപടിക്കെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്. 76 കാരിയാണ് സ്യൂചി. അഴിമതി, ഔദ്യോഗിക രഹസ്യ നിയമ ലംഘനം തുടങ്ങി സുകിക്കെതിരെ ഇനിയും നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

click me!