
കാൻബറ: അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന ആദ്യ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി ആന്റണി ആൽബനിസ്. ശനിയാഴ്ച നടന്ന സ്വകാര്യ ചടങ്ങിൽ തന്റെ പങ്കാളിയായ ജോഡി ഹെയ്‌ഡണെ വിവാഹം കഴിച്ചു. കാൻബറയിലെ ദി ലോജിൽ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഏതാനും മന്ത്രിമാരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സുരക്ഷാ കാരണങ്ങളാൽ വിവാഹ തീയതിയും സ്ഥലവും ഉൾപ്പെടെ രഹസ്യമാക്കി വച്ചിരുന്നു. ആൽബനീസിന്റെ വളർത്തുനായ ടോട്ടോ ആയിരുന്നു വിവാഹ മോതിരം വരന് നൽകിയത്.
62 വയസ്സുള്ള അൽബനീസും 45 വയസ്സുള്ള ജോഡിയും അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷം വാലന്റൈൻസ് ദിനത്തിലാണ് ആൽബനീസ് വിവാഹാഭ്യാർഥന നടത്തിയത്. ബാങ്കിംഗ്, ധനകാര്യ കമ്പനികളിലായി 20 വർഷക്കാലമായി പ്രൊഫഷണലാണ് ജോഡി. എൻഎസ്ഡബ്ല്യുവിൽ പബ്ലിക് സർവീസ് അസോസിയേഷന്റെ യൂണിയൻ പ്രതിനിധിയായിരുന്ന ശേഷം വനിതാ ഓഫീസറായി നിയമിതയായി. സിഡ്‌നിയിലെ സ്കൂൾ-അധ്യാപക മാതാപിതാക്കൾക്ക് ജനിച്ചെങ്കിലും സെൻട്രൽ കോസ്റ്റിലാണ് വളർന്നത്. നിലവിൽ, അവർ ടീച്ചേഴ്‌സ് മ്യൂച്വൽ ബാങ്കിലെ സ്ട്രാറ്റജിക് ഹെഡ് ആയി പ്രവർത്തിക്കുന്നു.
2020 മാർച്ചിൽ മെൽബണിൽ നടന്ന ഒരു അത്താഴവിരുന്നിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. അൽബനീസ് പരിപാടിയിൽ സംസാരിക്കുമ്പോൾ ഹെയ്‌ഡൻ തന്റെ പ്രിയപ്പെട്ട സൗത്ത് സിഡ്‌നി റാബിറ്റോസ് റഗ്ബി ലീഗ് ടീമിനെ പരാമർശിച്ച് ആൽബനീസിന്റെ ശ്രദ്ധയാകർഷിച്ചു. 2021 ൽ അൽബനീസ് ഒരു വാഹനാപകടത്തിൽ പെട്ടപ്പോഴാണ് താൻ പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞതെന്ന് ഹെയ്ഡൺ പറഞ്ഞു. 2022 ലും 2025 ലും ഓസ്‌ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഹെയ്‌ഡൻ ആൽബനീസിനൊപ്പം ഉണ്ടായിരുന്നു. 2019 ലാണ് അൽബനീസ് തന്റെ ആദ്യ ഭാര്യയായ കാർമൽ ടെബട്ടിൽ നിന്ന് വേർപിരിഞ്ഞത്.