
വിഖ്യാത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പിറവി രേഖപ്പെടുത്തിയ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' വിഖ്യാത രചനയാണ്. ലക്ഷക്കണക്കിന് പ്രതികൾ വിറ്റഴിഞ്ഞ ഈ ചരിത്ര രചന ലാരി കോളിൻസുമായി ചേർന്നാണ് അദ്ദേഹം പൂർത്തിയാക്കിയത്. ഇന്ത്യയോട് ഏറെ അടുപ്പം പുലർത്തിയ എഴുത്തുകാരനായിരുന്ന അദ്ദേഹത്തെ രാജ്യം പത്മ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
ഇന്ത്യയെപ്പറ്റി എഴുതിയ പുസ്തകങ്ങളുടെ റോയൽറ്റിയായി ലഭിച്ച പണമത്രയും ഡൊമിനിക് ലാപിയർ ഇന്ത്യയിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുകയായിരുന്നു. ഭോപ്പാൽ വിഷവാതക ദുരന്തത്തെപ്പറ്റി എഴുതിയ ഫൈവ് പാസ്റ്റ് മിഡ് നൈറ്റ് ഇൻ ഭോപ്പാൽ, കൊൽക്കത്ത പശ്ചാത്തലമാക്കി എഴുതിയ സിറ്റി ഓഫ് ജോയ് എന്നിവയും അദ്ദേഹത്തിന്റെ വിഖ്യാത രചനകളാണ്.