
വാഷിങ്ടണ്‍: ദൈവദൂതനാകുമെന്ന് അവകാശപ്പെട്ട് ഒരാൾ സ്വന്തം മകൾ ഉൾപ്പെടെ 20 ലധികം സ്ത്രീകളെ വിവാഹം കഴിച്ചുവെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ. ബഹുഭാര്യത്വത്തിന് വേണ്ടി വാദിക്കുന്ന 46 കാരനായ സാമുവൽ റാപ്പിലി ബേറ്റ്മാൻ എന്നയാളാണ് മകളുൾപ്പെടെ 15 വയസ്സിന് താഴെയുള്ള നിരവധി പെൺകുട്ടികളെ വിവാഹം കഴിച്ചതായി അന്വേഷണ സംഘം പറഞ്ഞത്. ട്രിബ്യൂണലില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് എഫ്ബിഐ ഇയാള്‍ക്കെതിര ഗുരുതരമായ കുറ്റങ്ങള്‍ ആരോപിച്ചത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുഭാര്യ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയുടെ ആരാധനാ നേതാവാണ് ഇയാളെന്നും എഫ്ബിഐ രേഖകൾ പറയുന്നു.
മൗലികവാദ ഗ്രൂപ്പായ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലേറ്റർ-ഡേ സെയിന്റ്സ് (FLDS) എന്നറിയപ്പെടുന്ന ഗ്രൂപ്പിന്റെ നേതാവാണ് ഇയാൾ. ബഹുഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന സംഘടനയാണിത്. 2019ലാണ് ഇയാൾ ഈ സംഘടനയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ശേഷം സ്വയം ഒരു പ്രവാചകനായി 'പ്രഖ്യാപിക്കാൻ' പദ്ധതിയിട്ടു.
46 കാരനായ 20 സ്ത്രീകളെ വരെ വിവാഹം കഴിച്ചതായി എഫ്ബിഐ രേഖകൾ പറയുന്നു. ഇവരിൽ പലർക്കും പ്രായപൂർത്തിയായിട്ടില്ല. കൂടുതലും 15 വയസ്സിന് താഴെയുള്ള കുട്ടികളാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. കൊളറാഡോ സിറ്റിയിലെ രണ്ട് വീടുകളിൽ എഫ്ബിഐ റെയ്ഡ് നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഇപ്പോൾ അരിസോണ ജയിലിൽ കഴിയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളുമൊത്തുള്ള വിവാഹത്തിന്റെയും മുതിർന്നവരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന്റെയും തെളിവുകൾ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് ലഭിച്ചതായി എഫ്ബിഐ വ്യക്തമാക്കി.കുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ കുറ്റം ഇതുവരെ ഇയാളിൽ ചുമത്തിയിട്ടില്ല.
ഗ്രൂപ് സെക്സും ഇയാള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. 12 വയസ്സുള്ള സ്വന്തം മകളുള്‍പ്പെടെ മൂന്ന് പേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇയാള്‍ നോക്കിനിന്നെന്നും അന്വേഷണ സംഘം പറഞ്ഞു. കുട്ടികളെ ദൈവത്തിന്‍റെ പാതയിലേക്ക് നയിക്കുകയാണെന്നാണ് ഇയാളുടെ വാദം. ബഹുഭാര്യത്വം താല്‍പര്യപ്പെടുന്നവരാണ് കുട്ടികളെ ഇയാള്‍ക്ക് വിവാഹം കഴിച്ചുനല്‍കിയത്.
ഈ വർഷം സെപ്റ്റംബറിൽ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയതിന് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തറിയുന്നത്. അരിസോണ, യൂട്ട, നെവാഡ, നെബ്രാസ്ക എന്നിവിടങ്ങളിൽ ഇയാളും കൂട്ടാളികളും പ്രായപൂർത്തിയാകാത്തവരെ കടത്തിയതിന് മതിയായ തെളിവുകളുണ്ടെന്ന് എഫ്ബിഐ അവകാശപ്പെടുന്നു. ആദ്യം ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം ലഭിച്ചു. പിന്നീട് കൂടുതൽ കുറ്റങ്ങൾ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു.
കൊടുംകുറ്റവാളികളുടെ ലിസ്റ്റിൽ പേരുൾപ്പെടുത്തിയില്ല, ഫേസ്ബുക്കിലൂടെ പരാതി പറഞ്ഞ കുറ്റവാളി പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam