
വാഷിംഗ്ടൺ: ബേബി പൗഡറും ടാൽക്കം അധിഷ്ഠിത ഉൽപ്പന്നങ്ങളും ഉപയോഗിച്ച് അണ്ഡാശയ അർബുദം ബാധിച്ചുവെന്ന പതിനായിരക്കണക്കിന് പരാതികളിൽ 52676 കോടി രൂപ നഷ്ടപരിഹാരം നൽകാമെന്ന് വിശദമാക്കി ജോൺസൺ ആന്റ് ജോൺസൺ കമ്പനി. പതിനായിരക്കണക്കിന് ആളുകളാണ് കമ്പനിക്കെതിരെ നിയമ സഹായം തേടിയത്. 5.5 ബില്യൺ ഡോളർ (ഏകദേശം 526,758,897,500 രൂപ) നൽകാനാണ് കമ്പനി സമ്മതിച്ചത്. അമേരിക്കയിൽ പലയിടങ്ങളിലായാണ് 76,000 കേസുകളാണ് ജോൺസൺ ആന്റ് ജോൺസൺ കമ്പനിക്കെതിരെ ഗുരുതര ആരോപണം ഉയർന്നത്. പരാതിക്കാരിൽ 95 ശതമാനം പേരെങ്കിലും അംഗീകരിച്ചാൽ മാത്രമാണ് ഈ കരാർ നിലവിൽ വരികയുള്ളൂ. കോർപ്പറേറ്റ് മേഖലയിൽ ഏറ്റവും ദൈർഘ്യമുള്ള നിയമ പോരാട്ടത്തിലാണ് വൻതുക നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആന്റ് ജോൺസൺ കമ്പനി സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്.
ബേബി പൗഡറിലെ ടാൽക്കിൽ അസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്നും ഇത് കാൻസറിന് കാരണമായെന്നുമായിരുന്നു പരാതിക്കാർ വാദിച്ചത്. എന്നാൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും കാൻസറിന് കാരണമാകില്ലെന്നുമാണ് ജോൺസൺ ആന്റ് ജോൺസൺ നിരന്തരം വാദിക്കുന്നത്. ആരോപണങ്ങൾ ശരിയായതുകൊണ്ടല്ല മറിച്ച് വർഷങ്ങളായി നീളുന്ന കോടികളുടെ നിയമപോരാട്ടവും അനിശ്ചിതത്വവും അവസാനിപ്പിക്കാനാണ് ഈ തുക നൽകി ഒത്തുതീർപ്പിന് തയ്യാറാകുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
കരാർ പ്രകാരം 2027-ൽ 3 ബില്യൺ ഡോളറും ബാക്കി തുക 2028-ലും കമ്പനി നൽകും. പങ്കാളികളാകുന്ന അർഹരായ പരാതിക്കാരുടെ എണ്ണം അനുസരിച്ച് ആകെ ഒത്തുതീർപ്പ് തുക 7 ബില്യൺ ഡോളർ വരെ ഉയർന്നേക്കാമെന്നാണ് ലഭ്യമാകുന്ന വിവരം. നേരത്തെ കേസിൽ നിന്ന് രക്ഷപ്പെടാൻ കമ്പനി പാപ്പരാണെന്ന് അപേക്ഷ നൽകിയെങ്കിലും ഈ വാദം കോടതി തള്ളുകയായിരുന്നു. വലിയ രീതിയിലുള്ള ആരോപണങ്ങൾക്ക് പിന്നാലെ 2020ൽ കമ്പനി അമേരിക്കയിൽ ടാൽക്ക് അധിഷ്ഠിത ബേബി പൗഡറുകളുടെ വിൽപ്പന നിർത്തിവച്ചിരുന്നു. നിലവിൽ കോൺസ്റ്റാർച്ച് അധിഷ്ഠിത പൗഡറുകളാണ് ജോൺസൺ ആന്റ് ജോൺസൺ ഇപ്പോൾ അമേരിക്കയിൽ വിപണിയിൽ എത്തിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam