
ബാഗ്ദാദ്: ഇറാഖി മണ്ണിൽ നിന്ന് സൗദി അറേബ്യയ്ക്ക് നേരെ ഇറാന്‍റെ പിന്തുണയുള്ള ഗ്രൂപ്പുകൾ ഡ്രോൺ ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഇറാഖ്. സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ ആരോപണത്തെ തുടർന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
സൗദി പ്രതിരോധ മന്ത്രാലയം ഉന്നയിച്ച ഗുരുതരമായ വിഷയത്തിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകിയതായി വക്താവ് സബാഹ് അൽ നുമാൻ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം, സൗദിയുടെ ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ് ഇറാഖിലെ ഇറാൻ അനുകൂല ഷിയാ സായുധ സംഘടനകളുടെ കൂട്ടായ്മയായ 'ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്' രംഗത്തെത്തി. സൗദി അറേബ്യ ഉന്നയിക്കുന്നത് കേവലം വ്യാജ ആരോപണങ്ങൾ മാത്രമാണെന്ന് സംഘടന പ്രസ്താവിച്ചു.
യമനിൽ നിന്ന് തങ്ങൾക്ക് നേരിടേണ്ടി വന്ന ശക്തമായ തിരിച്ചടികളെ നേരിടാൻ കഴിയാത്ത സൗദി, അതിൽ നിന്നും ശ്രദ്ധ തിരിക്കാനും സ്വന്തം പരാജയം മറച്ചുവെക്കാനുമാണ് ഇറാഖിന് നേരെ ആരോപണം ഉന്നയിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ഇറാഖിനെതിരെ സൗദിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള മുൻകരുതലില്ലാത്ത നീക്കങ്ങൾ ഉണ്ടായാൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് മേഖലയിൽ നയതന്ത്രതലത്തിലും സുരക്ഷാതലത്തിലും വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam