
ധാക്ക: ബോംബ് ഭീഷണിയെ തുടർന്ന് ബംഗ്ലാദേശിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇറ്റലിയിലെ റോമിൽ നിന്ന് ധാക്കയിലേക്കുള്ള ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. അജ്ഞാത നമ്പറിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.
എയർപോർട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗ്രൂപ്പ് ക്യാപ്റ്റൻ കമറുൽ ഇസ്‌ലാം ബോംബ് ഭീഷണി സ്ഥിരീകരിച്ചു. റോമിൽ നിന്ന് ധാക്കയിലേക്കുള്ള യാത്രാമധ്യേ ബിജി-356 വിമാനത്തിന് ബോംബാക്രമണ ഭീഷണിയുണ്ടായതായി അദ്ദേഹം പറഞ്ഞു. ഭീഷണിയെ തുടർന്ന് രാവിലെ 9.20ന് ഹസ്രത്ത് ഷാജലാൽ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. തുടർന്ന് വിമാനത്തിലെ 250 യാത്രക്കാരെയും 13 ജീവനക്കാരെയും വിമാനത്തിൽ നിന്ന് ഒഴിപ്പിച്ച് ടെർമിനലിൽ എത്തിച്ചു.
അതേസമയം, ബോംബ് ഭീഷണി ഉയർന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലെ വ്യോമയാന മന്ത്രാലയം ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ വർധിപ്പിച്ചു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ എല്ലാ യാത്രക്കരുടെയും ബാഗുകളും മറ്റും പരിശോധിച്ചെന്നും ഒന്നും കണ്ടെത്താനായില്ലെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു. പരിശോധന 6 മണിക്കൂറോളം നീണ്ടുനിന്നു. സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് ബംഗ്ലാദേശ് ചെയർമാൻ എയർ വൈസ് മാർഷൽ മുഹമ്മദ് മൊൻജുർ കബീർ ഭുയിയാന്റെ നേതൃത്വത്തിൽ 200ലധികം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam