
ധാക്ക: ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി ബംഗ്ലാദേശ്. ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വധശിക്ഷയാക്കാനുള്ള തീരുമാനത്തിന് ബംഗ്ലാദേശ് മന്ത്രിസഭ അംഗീകാരം നല്‍കി. നേരത്തെ ബലാത്സംഗക്കേസുകളിലെ പരമാവധി ശിക്ഷ ജീവപരന്ത്യമായിരുന്നു. എന്നാല്‍ അടുത്തിടെയുണ്ടായ പീഡനക്കേസുകളും ഇതിന് പിന്നാലെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തിലാണ് തീരുമാനം.
ബംഗ്ലാദേശ് പ്രസിദന്‍റെ അബ്ദുള്‍ ഹമീദ് ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഉടനിറക്കുമെന്ന് മന്ത്രി സഭാ വക്താവ് ഖണ്ടാകര്‍ അന്‍വറുള്‍ ഇസ്ലാം വിശദമാക്കിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കെതിരെയുമായ അക്രമം സംബന്ധിച്ച നിയമത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക. പാര്‍ലമെന്‍റ് സമ്മേളിക്കുന്ന കാലമായതിനാല്‍ അല്ലാത്തതിനാലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്നും നിയമസഭാ വക്താവ് വ്യക്തമാക്കുന്നു. അമെന്‍ഡ്മെന്‍റ് സംബന്ധിച്ച മറ്റ വിവരങ്ങള്‍ പുറത്ത് വരുന്നതേ ഒള്ളൂ.
ബലാത്സംഗക്കേസുകളില്‍ വിചാരണ വേഗത്തിലാക്കാനും മന്ത്രിസഭ തീരുമാനിച്ചതായി വക്താവ് വിശദമാക്കുന്നു. നിലവിലെ നിയമം അനുസരിച്ച് ബലാത്സംഗത്തിനിരയാവുന്നയാള്‍ മരിക്കുന്ന കേസുകളില്‍ മാത്രമാണ് പ്രതിക്ക് വധശിക്ഷ ലഭിക്കുന്നത്. ഏതാനും ആഴ്ചകളായി രാജ്യത്ത് സംഭവിച്ച ബലാത്സംഗ സംഭവങ്ങള്‍ ധാക്കയിലും രാജ്യത്തുടനീളവും ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. എയ്ന്‍ ഓ സലീഷ് കേന്ദ്ര എന്ന വനിതാ അവകാശ സംരക്ഷണസംഘടന വ്യക്തമാക്കുന്നതിനെ അനുസരിച്ച് നിരവധി കൂട്ട ബലാത്സംഗങ്ങളടക്കം 88 പീഡനങ്ങളാണ് ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ബംഗ്ലാദേശില്‍ നടന്നിട്ടുള്ളത്. ഇതില്‍ 41 കേസുകളില്‍ ഇര കൊല്ലപ്പെട്ടിട്ടുണ്ട്.
പല ഉന്നതരും ഉള്‍പ്പെട്ട കേസുകള്‍ നാണക്കേട് ഭയന്ന് ആളുകള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാറില്ലെന്നുമാണ് നിരീക്ഷണം. ഒരു സ്ത്രീയെ ഏതാനും പേര്‍ ചേര്‍ന്ന് ആക്രമിക്കുന്നതും വസ്ത്രമഴിക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ ലൈവായി പരന്നതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ഭരണപക്ഷ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയിലെ നിരവധിപ്പേര്‍ കാറില്‍ ഭര്‍ത്താവിനൊപ്പം പോവുകയായിരുന്ന സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തതും രൂക്ഷ പ്രതിഷേധത്തിലേക്ക് നയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam