
ധാക്ക: ബാവുൽ ദായകൻ അബുൾ സർക്കാരിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബംഗ്ലാദേശിൽ വീണ്ടും വൻ പ്രതിഷേധം. വിദ്യാർത്ഥികളും കലാകാരന്മാരും പ്രതിഷേധവുമായി തെരുവിലിങ്ങി. മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന പുറത്താക്കപ്പെട്ട ശേഷം രാജ്യത്ത് ഫാസിസത്തിൻ്റെ പുതിയ രൂപം ഉയർന്നുവരികയാണെന്നാണ് വിമർശനം. മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് കീഴിൽ വർഗീയ സംഘർഷങ്ങൾ വർദ്ധിച്ചുവെന്നും ആരോപിച്ചാണ് യുവാക്കളിൽ ഒരു വിഭാഗമടക്കം തെരുവിലിറങ്ങിയിരിക്കുന്നത്.
ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലുമുള്ള ഗായക സമൂഹമാണ് ബാവുൽ ഗായകർ. അബുൽ സർക്കാർ തൻ്റെ സംഗീത പരിപാടിക്കിടെ ഇസ്ലാമിക വിശ്വാസത്തെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഒരു ഇമാമും മറ്റ് നാല് പേരും ചേർന്ന് ഇദ്ദേഹത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
രണ്ട് ദിവസത്തിന് ശേഷം സംഭവത്തിൽ തൗഹീദി ജനത എന്ന സംഘടന നടത്തിയ പ്രതിഷേധ മാർച്ചിനിടെ നാല് ബാവുൽ ഗായകരെ തിരഞ്ഞുപിടിച്ച് മർദിച്ചു. ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ട ശേഷം ശക്തിപ്പെട്ട ഏകദൈവ വിശ്വാസി സമൂഹമാണ് തൗഹിദി ജനത. ഇവർ സൂഫിസത്തെയും ശക്തമായി എതിർക്കുന്നുണ്ട്. ഈ കൂട്ടമാണ് ബംഗ്ലാദേശിൽ വലിയ തോതിൽ ആരാധനാലയങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. ഗുരുതരമായി പരിക്കേറ്റ ബാവുൽ ഗായകരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി യുവാക്കൾ തെരുവിലിറങ്ങിയത്.