ഹിസ്ബുല്ലയുടെ ആക്രമണത്തിൽ രണ്ടു ഇസ്രയേലി സൈനികർക്ക് കൂടി പരിക്കേറ്റു. യുദ്ധത്തിൽ ബ്രിട്ടൻ പങ്കാളി ആകാത്തതിൽ നീരസം പ്രകടിപ്പിച്ച് ട്രംപ് രം​ഗത്തെത്തി. ഇനി യുദ്ധക്കപ്പലുകൾ അയക്കേണ്ടെ ആവശ്യമില്ലെന്നും യുദ്ധം ജയിച്ചതിന് ശേഷം കൂടെ കൂടേണ്ടെന്നും ബ്രിട്ടൻ്റെ ഈ നീക്കം മറക്കില്ലെന്നും ട്രംപ്

ടെഹ്റാൻ: ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ഉന്നമിട്ട് ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണം. ആക്രമണത്തിൽ കനത്ത നാശമാണ് ഇറാനിലുണ്ടായത്. അതിനിടെ, ഹിസ്ബുല്ലയുടെ ആക്രമണത്തിൽ രണ്ടു ഇസ്രയേലി സൈനികർക്ക് കൂടി പരിക്കേറ്റു. അതേസമയം, യുദ്ധത്തിൽ ബ്രിട്ടൻ പങ്കാളി ആകാത്തതിൽ നീരസം പ്രകടിപ്പിച്ച് ട്രംപ് രം​ഗത്തെത്തി. ഇനി യുദ്ധക്കപ്പലുകൾ അയക്കേണ്ടെ ആവശ്യമില്ലെന്നും യുദ്ധം ജയിച്ചതിന് ശേഷം കൂടെ കൂടേണ്ടെന്നും ബ്രിട്ടൻ്റെ ഈ നീക്കം മറക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇറാന്റെ സമ്പൂർണ നാശം പരി​ഗണനയിലെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്നേവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളിൽ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. അതേസമയം, പ്രധാന ആയുധ നിർമാതാക്കൾ വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി.

ഇറാന്റെ സമ്പൂർണ നാശമാണ് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. അയൽ രാജ്യങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ ഇന്ന് വ്യക്തത നൽകിയിരുന്നു. അയൽ രാജ്യങ്ങളുമായി ഒരു പ്രശ്നമില്ലെന്നും തങ്ങളെ ആക്രമിക്കാൻ അയൽ രാജ്യങ്ങളിലെ സ്ഥലങ്ങൾ ഉപയോ​ഗിക്കാതിരുന്നാൽ തിരിച്ച് ആക്രമിക്കില്ലെന്നുമായിരുന്നു ഇറാന്റെ അറിയിപ്പ്. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ട്രംപ് എത്തിയിരിക്കുന്നത്.

ഇറാൻ തോറ്റുകൊണ്ടിരിക്കുകയാണെന്നും മിഡിൽഈസ്റ്റിൽ ഇറാൻ തോൽവി രുചിച്ചിരിക്കുന്നെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറയുന്നു. സമ്പൂർണയായി ഇറാൻ ഞങ്ങൾക്ക് കീഴ്പ്പെടണം എന്നും ആവശ്യപ്പെട്ടു. ഇതുവരെ ഞങ്ങൾ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ചില സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. വലിയ വിനാശമുണ്ടാക്കും, ഒരുപാട് ജീവനുകൾ നഷ്ടമാകും തുടങ്ങി വലിയ മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതേസമയം, പ്രധാന ആയുധ നിർമാതാക്കൾ യുഎസ് പ്രസിഡൻ്റ് ‍ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ ആയുധ നിർമാണം നാലിരട്ടിയായി വർധിപ്പിക്കാൻ ധാരണയായി. ഹൈപ്പർസോണിക്, സ്റ്റെൽത്ത് മിസൈലുകൾ, അറ്റാക്ക് ഡ്രോണുകളടക്കം ഉയർന്ന ശ്രേണിയിലുള്ള ആയുധ നിർമ്മാണം വേഗത്തിലാക്കും. ബോയിങ്, ഹണിവെൽ, ലോക്ഹീഡ് മാർട്ടിൻ, ബി എ ഇ സിസ്റ്റംസ് അടക്കം ഏഴ് സിഇഒമാർ യോഗത്തിൽ പങ്കെടുത്തു. വെടിക്കോപ്പുകളുടെ അനന്തമായ ശേഖരം അമേരിക്കയ്ക്ക് നിലവിലുണ്ടെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടു.

YouTube video player