
ബെൽജിയം: യുക്രൈന്‍ റഷ്യ യുദ്ധത്തിൽ (Ukraine-Russia crisis) ഇസ്രായേലിന്റെ നിലപാടിൽ പ്രതിഷേധിച്ച് (jewish clients) ജൂതവിഭാഗത്തിലെ ക്ലയന്റുകൾക്ക് സേവനം നൽകില്ലെന്ന നിലപാടുമായി (belgium) ബെൽജിയത്തിലെ ഒരു കാർ റിപ്പയർ ഷോപ്പ് ഉടമ. കട ഉടമ ലുഡോ ഐക്ക്മാൻസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബെൽജിയൻ ജൂതന്മാരെ പ്രതിനിധീകരിക്കുന്ന ഫോറം ഓഫ് ജൂവിഷ് ഓർഗനൈസേഷൻസ് പറഞ്ഞു. വ്യക്തികൾക്ക് അവരുടെ വിശ്വാസം, വംശം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ അടിസ്ഥാനത്തിൽ സേവനം നിഷേധിക്കുന്നത് ബെൽജിയത്തിൽ നിയമവിരുദ്ധമാണ്.
“ഇന്നുമുതൽ, ഞങ്ങളുടെ ജൂതൻമാരായ ക്ലയന്റുകൾക്ക് അവരുടെ കാറുകളുടെ അറ്റകുറ്റപ്പണികൾക്കോ ഇലക്ട്രോണിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ ഇവിടെ എത്താൻ അനുവദിക്കുകയില്ല,” കഴിഞ്ഞ ആഴ്ച ബെൽജിയൻ മാധ്യമത്തിന് അയച്ച ഇമെയിലിൽ ഐക്ക്മാൻസ് വ്യക്തമാക്കിയതായി ജ്യൂവിഷ് ഗ്രൂപ്പ് വെളിപ്പെടുത്തി. യുക്രൈനില്‍ റഷ്യൻ സൈന്യത്തിന്റെ "യുദ്ധ കുറ്റകൃത്യങ്ങൾ തിരിച്ചറിയുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടു" എന്നും ഐക്ക്മാൻസ് പറയുന്നു. യുക്രൈനിൽ റഷ്യൻ സൈന്യം യുദ്ധ കുറ്റകൃത്യങ്ങളാണ് ചെയ്തതെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി യെയർ ലാപിഡ് കഴിഞ്ഞയാഴ്ച വിമർശനമുന്നയിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് റഷ്യക്കെതിരെ ഇത്തരത്തിൽ രൂക്ഷവിമർശനം നടത്തിയിട്ടില്ല.
അയൽരാജ്യമായ സിറിയയിലെ റഷ്യൻ ഇടപെടലും ഇരു രാജ്യങ്ങളിലെയും ജൂതന്മാരുടെ സുരക്ഷയും കണക്കിലെടുത്ത്, സംഘർഷത്തിൽ ഇസ്രായേൽ നേതാക്കൾ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സമീപനം റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള മധ്യസ്ഥ ചർച്ചകളിൽ പങ്കാളിയാകാൻ ബെന്നറ്റിന് അവസരം നൽകി. എന്നാൽ ഇസ്രായേൽ ഒരു ഉറച്ച നിലപാട് സ്വീകരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് വൻ വിമർശനത്തിന് ഈ നിലപാട് കാരണമായിട്ടുണ്ട്.
ബെൽജിയത്തിലെ ജൂതന്മാരല്ല, ഇസ്രായേലിന്‍റെ വിദേശനയം നിർണ്ണയിക്കുന്നതെന്ന് ഫോറം ഓഫ് ജ്യൂവിഷ് ഓർഗനൈസേഷൻസ് ഐക്ക്മാൻസിന് കത്തെഴുതിയതായി ഗ്രൂപ്പിന്റെ വക്താവ് ഹാൻസ് നൂപ് ജ്യൂവിഷ് ടെലിഗ്രാഫിക് ഏജൻസിയോട് പറഞ്ഞു. എന്നാൽ ഈ അഭിപ്രായത്തിന് ഐക്ക്മാൻസിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല. ഇസ്രായേലിന്റെ നിലപാടുകളുമായി ബന്ധപ്പെട്ട് നിരവധി ബിസിനസ്സ് ഉടമകളും സേവന ദാതാക്കളും സമീപ വർഷങ്ങളിൽ ബെൽജിയത്തിലെ ജൂതന്മാർക്ക് സേവനം നിഷേധിച്ചിട്ടുണ്ട്.
2014ൽ ഇസ്രയേലും ഹമാസും തമ്മിൽ ഗാസയിൽ വെടിവയ്പുണ്ടായപ്പോൾ, ജൂതവിഭാഗ അനുകൂല സംഘടനയുടെ പരാതിയെത്തുടർന്ന് ഒരു ബെൽജിയൻ കഫേയിൽ നിന്ന് ജൂതന്മാരെ അനുവദിക്കുന്നില്ലെന്ന ബോർഡ് പോലീസ് നീക്കം ചെയ്തു. അതേ വർഷം തന്നെ, ബെൽജിയത്തിലെ ഒരു ഫിസിഷ്യൻ, വാരിയെല്ല് ഒടിഞ്ഞ ഒരു ജൂത സ്ത്രീയെ ചികിത്സിക്കാൻ വിസമ്മതിച്ചു, വേദനയിൽ നിന്ന് മുക്തി നേടാൻ ഗാസ സന്ദർശിക്കാനാണ് അവരോട് അയാൾ നിർദ്ദേശിച്ചത്. 2014 ൽ സംഭവിച്ചത് പോലെ തന്നെ പ്രതിഷേധത്തിന്റെ പേരിൽ ജൂതൻമാരായ ക്ലയന്റ്സിന് സേവനം നിഷേധിക്കാനാണ് ആൻറിവെർപിലെ ഷോപ്പ് ഉടമയും നിലപാടെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam