
യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിദിനത്തിൽ പ്രാർത്ഥനാനിർഭരമായ മനസ്സുമായി വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നു. ബെത്‍ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ദേവാലയങ്ങളിലെ പാതിരാ കുർബാനയും പ്രാർത്ഥനയും.
കൊവിഡ് കാലമായതിനാൽ കൂട്ടുകൂടാനും യാത്രപോകാനുമാകാതെ വീടിനകത്തിരുന്നാണെങ്കിലും ആഘോഷത്തിന് മാറ്റൊട്ടും കുറഞ്ഞിട്ടില്ല. മനസ്സിൽ സ്നേഹനാളിന്‍റെ നിറവുമായി മുറ്റത്ത് നക്ഷത്രവിളക്കും പുൽക്കൂടുമൊരുക്കിയായിരുന്നു ആഘോഷം. യേശുദേവന്‍റെ തിരുപിറവി വിളിച്ചോതുന്ന ചടങ്ങുകൾ ദേവാലയങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു. പ്രധാന ദേവാലയങ്ങലിലേല്ലാം സഭാതലവൻമാരടക്കമുള്ളവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
സുവിശേഷവായനയ്ക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങി. വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്‍ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും നടന്ന വിശുദ്ധകുർബാനയുടെ പ്രാർത്ഥനാ നിമിഷങ്ങളെ വിശ്വാസികൾ വരവേറ്റു. ഉർബി അറ്റ് ഓർബി - അഥവാ നഗരത്തോടും ലോകത്തോടും എന്നറിയപ്പെടുന്ന മാർപ്പാപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗം ക്രിസ്മസ് ദിനത്തില്‍ വിശ്വാസികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രധാനമാണ്. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സിസിന്‍റെ എട്ടാമത് ക്രിസ്മസ് സന്ദേശമായിരുന്നു ഇത്തവണത്തേത്. വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പ പാവപ്പെട്ടവര്‍ക്കുനേരെ കണ്ണടക്കരുതെന്ന സന്ദേശമാണ് വിശ്വാസികൾക്ക് നൽകിയത്.
സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രാർത്ഥാനാ നിർഭരമായ മനസുമായി ക്രൈസ്തവർ പാതിരാക്കുർബാനയ്ക്കായി ഒത്തുചേർന്നു. സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം ലോകം മുഴുവൻ പകർന്നു നൽകിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് ഓരോ വിശ്വാസിയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam