ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ കൈക്കൂലി കേസ്; വിചാരണ നേരിടേണ്ടി വരും

By Web TeamFirst Published Nov 22, 2019, 12:04 AM IST
Highlights

അധികാരത്തിലിരിക്കെ വിചാരണ നേരിടേണ്ടി വരുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് നെതന്യാഹു. അതേസമയം, കേസുകളെ തുടര്‍ന്ന് നെതന്യാഹു രാജിവെക്കില്ലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ കൈക്കൂലി കേസ്. കൈക്കൂലി, വഞ്ചനാക്കേസുകളില്‍ അദ്ദേഹം വിചാരണ നേരിടേണ്ടി വരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിക്കെതിരെയുള്ള കേസ് ഇസ്രായേല്‍ രാഷ്ട്രീയത്തെ ഞെട്ടിച്ചിട്ടുണ്ട്. കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ മൂന്നെണ്ണം വീതമാണ് നെതന്യാഹുവിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നതെന്ന് നിയമമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ധനികരില്‍നിന്ന് സമ്മാനമായി പെയിന്‍റിംഗ് സ്വീകരിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്തിയെന്നും അന്യായമായി മാധ്യമശ്രദ്ധ നേടാന്‍ ശ്രമിച്ചെന്നും പ്രസ്താവനയില്‍ പറയുന്നു. ധനികരില്‍നിന്ന് പത്ത് ലക്ഷം ഷെക്കല്‍സ്(254000 ഡോളര്‍) വില വരുന്ന സിഗരറ്റ്, ഷാംപെയ്ന്‍, ആഭരണങ്ങള്‍ എന്നിവ കൈപ്പറ്റിയെന്നാണ് മറ്റ് പ്രധാന കേസുകള്‍. നികുതി വെട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ ഹോളിവുഡ് നിര്‍മാതാവില്‍നിന്നുള്‍പ്പെടെയാണ് സമ്മാനങ്ങള്‍ കൈപ്പറ്റിയത്. തെരഞ്ഞെടുപ്പ് വിജയത്തിനായി മാധ്യമ സ്ഥാപനത്തെ സ്വാധീനിച്ചതിനും കേസെടുത്തിട്ടുണ്ട്. 

അധികാരത്തിലിരിക്കെ വിചാരണ നേരിടേണ്ടി വരുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് നെതന്യാഹു. അതേസമയം, കേസുകളെ തുടര്‍ന്ന് നെതന്യാഹു രാജിവെക്കില്ലെന്ന് അറിയിച്ചു. തന്നെ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ഇടതുകക്ഷികളുടെ നീക്കമാണ് കേസിന് പിന്നിലെന്നാണ് അദ്ദേഹത്തിന്‍റെയും അനുയായികളുടെയും വിശദീകരണം. രണ്ട് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തില്‍ ലിക്യുഡ് പാര്‍ട്ടിയില്‍ നെതന്യാഹു രാജിവെക്കണമെന്ന അഭിപ്രായവുമുയരുന്നുണ്ട്. അഴിമതികേസില്‍ കേസെടുത്ത സാഹചര്യത്തില്‍ നെതന്യാഹു സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. 

click me!