റോഹിംഗ്യന്‍ കൂട്ടക്കൊല: അന്താരാഷ്ട്ര കോടതിയില്‍ മ്യാന്മറിനെ പ്രതിരോധിക്കുമെന്ന് ആങ് സാന്‍ സൂകി

By Web TeamFirst Published Nov 21, 2019, 7:57 PM IST
Highlights

2017ല്‍ റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കു നേരെ മ്യാന്മര്‍ സൈന്യം കടുത്ത നടപടികള്‍ സ്വീകരിച്ചപ്പോള്‍ 7.30 ലക്ഷത്തോളം പേരാണ് ബംഗ്ലാദേശിലേക്കും ഇന്ത്യയിലേക്കും കുടിയേറിയത്. 24000ത്തോളം റോഹിംഗ്യന്‍ മുസ്ലീങ്ങളാണ് സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്. 
 

ജെനീവ: 2017ല്‍ മ്യാന്മറില്‍ നടന്ന റോഹിംഗ്യന്‍ കൂട്ടക്കൊലയെ സംബന്ധിച്ച കേസില്‍ യുഎന്‍ കോടതിയില്‍(ഇന്‍റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്-ഐസിജെ) മ്യാന്മര്‍ സര്‍ക്കാറിനെ പ്രതിരോധിക്കുമെന്ന് സമാധാനത്തിന് നൊബേല്‍ പുരസ്കാരം നേടിയ ആങ് സാന്‍ സൂകി. കേസില്‍ മ്യാന്മറിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര അഭിഭാഷകരെ തന്നെ നിയോഗിക്കുമെന്ന് സൂകിയുടെ ഓഫീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയാണ് മ്യാന്മറിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ പരാതി നല്‍കിയത്. വംശഹത്യ ലക്ഷ്യത്തോടെയായിരുന്നു മ്യാന്മര്‍ സൈന്യത്തിന്‍റെ നടപടികളെന്ന് യുഎന്‍ അന്വേഷണം സംഘം അഭിപ്രായപ്പെട്ടിരുന്നു. യുഎന്‍ അന്വേഷണ സംഘത്തിന്‍റെ അഭിപ്രായത്തെ എതിര്‍ത്ത മ്യാന്മര്‍ സര്‍ക്കാര്‍, തീവ്രവാദത്തെ ഇല്ലാതാക്കാനായിരുന്നു നടപടിയെന്ന് വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 10 മുതല്‍ 12 വരെയാണ് അന്താരാഷ്ട്ര കോടതി കേസ് പരിഗണിക്കുന്നത്.

തന്‍റെ വ്യക്തിത്വത്തിനെതിരെയുള്ള ആരോപണത്തെ ചെറുക്കാന്‍ ആങ് സാന്‍ സൂകി പ്രതിനിധിയെ അയക്കുമെന്ന് സൂകിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ വക്താവ് വ്യക്തമാക്കി. മ്യാന്മറിലെ മനുഷ്യാവകാശ ലംഘത്തിനെതിരെ സൂകി പ്രതികരിച്ചില്ലെന്ന ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വക്താവ് പറഞ്ഞു. 2017ല്‍ റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കു നേരെ മ്യാന്മര്‍ സൈന്യം കടുത്ത നടപടികള്‍ സ്വീകരിച്ചപ്പോള്‍ 7.30 ലക്ഷത്തോളം പേരാണ് ബംഗ്ലാദേശിലേക്കും ഇന്ത്യയിലേക്കും കുടിയേറിയത്. 24000ത്തോളം റോഹിംഗ്യന്‍ മുസ്ലീങ്ങളാണ് സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്. 

click me!