
ഹിമാലയൻ രാജ്യമായ ഭൂട്ടാനിൽ ഹിമാനിയിൽ രൂപപ്പെട്ട തടാകം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വൻ മിന്നൽപ്രളയം. ഷിന്താഫു (Shintaphu) ഹിമതടാകം പൊട്ടിയൊഴുകിയതോടെ ഭൂട്ടാനിലെ ഗാസ ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗാസ ത്ഷാച്ചു (Gasa Tshachu) പ്രകൃതിദത്ത ചൂടുനീരുറവയിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും ഒലിച്ചുപോയതായി റിപ്പോർട്ട്. ഒക്ടോബർ 29 വ്യാഴാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രളയത്തിന് മുമ്പുതന്നെ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
തടാകത്തിൽനിന്നുള്ള വെള്ളം ശക്തമായ കുത്തൊഴുക്കോടെ മോ ചു (Mo Chhu) നദിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. രാത്രിയിലെ ഇരുട്ടും ശക്തമായ ജലപ്രവാഹവും കാരണം നാശനഷ്ടങ്ങളുടെ പൂർണവിവരം ഉടൻ ലഭ്യമായിട്ടില്ല. രണ്ട് ബെയ്‌ലി പാലങ്ങളും ഒഴുകിപ്പോയിരിക്കാമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ലായ ഗ്രാമത്തിലേക്കുള്ള റോഡിന്‍റെ ഒരു ഭാഗവും തകർന്നതോടെ ഗതാഗതം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. പുനാഖ-ഗാസ ദേശീയപാതയിലും വൻനാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ. ചരിത്രപ്രസിദ്ധമായ പുനാഖ ദ്സോങും സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി അടച്ചു.
#Monks and local residents were evacuated to safer locations in #Punakha, #Bhutan , following a Glacial Lake Outburst Flood (GLOF)... https://t.co/mF4YeLc1Lx
— Devesh , वनवासी (@Devesh81403955) October 30, 2026
പ്രളയസാധ്യത കണക്കിലെടുത്ത് ഇന്ത്യയിലെ പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബംഗാളിലെ ഡാർജിലിങ്, അലിപുർദ്വാർ, ജൽപായ്ഗുരി ജില്ലകളും അസമിലെ ധുബ്രിയും അപകടസാധ്യതയുള്ള മേഖലകളായി അധികൃതർ പ്രഖ്യാപിച്ചു. സങ്കോഷ് നദിയുടെ തീരപ്രദേശങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശം നൽകി.
Monks being evacuated after the flood warning presumably in Punakha. https://t.co/qULz1czOFH
— Abir Ghoshal (@abirghoshal) October 29, 2026
ഭൂട്ടാനിലെ അപകടസാധ്യതയുള്ള 17 ഹിമതടാകങ്ങളിൽ ഒന്നാണ് ഷിന്താഫു. 2021 -ലും ഗാസ ത്ഷാച്ചു മേഖലയിലും സമാനമായ പ്രളയമുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനവും ഹിമാനികൾ ഉരുകുന്നതും ഇത്തരം ദുരന്തങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദുരന്തത്തിന്റെ യഥാർഥ കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam