2022-ൽ ദക്ഷിണ കൊറിയയിലെ ഇറ്റാവോണിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ യഥാർഥ ദൃശ്യങ്ങൾ കോൾ ഓഫ് ഡ്യൂട്ടി ഗെയിമിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗെയിമിലെ ദൃശ്യങ്ങൾ ദുരന്തബാധിതരുടെ കുടുംബങ്ങളെ വേദനിപ്പിച്ചെന്നും അവ ഉടനടി നീക്കം ചെയ്യണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

2022 -ൽ ദക്ഷിണ കൊറിയയിലെ ഇറ്റാവോണിലുണ്ടായ ദാരുണമായ ആൾക്കൂട്ട ദുരന്തത്തിന്‍റെ യഥാർഥ ദൃശ്യങ്ങൾ പുതിയ ഗെയിമിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് 'കോൾ ഓഫ് ഡ്യൂട്ടി' (Call of Duty) നിർമാതാക്കളായ ആക്ടിവിഷനെതിരെ ദക്ഷിണ കൊറിയയിൽ ശക്തമായ പ്രതിഷേധം. ദൃശ്യങ്ങൾ ഗെയിമിൽനിന്ന് ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സംഘടനയും വിവിധ സന്നദ്ധ സംഘടനകളും ചേ‍ർന്ന് പ്രതിഷേധം നടത്തുന്നത്.

കൊലയാളി ഗെയിമിന് യഥാർഥ ദുരന്ത ചിത്രം

150 -ലധികം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തോട് നിർമാതാക്കൾ തീർത്തും അനുഭാവമില്ലാത്ത സമീപനമാണ് സ്വീകരിച്ചതെന്ന് സംഘടനകൾ വിമർശിച്ചു. കോൾ ഓഫ് ഡ്യൂട്ടി: മോഡേൺ വാർഫെയർ 4 (Call of Duty: Modern Warfare 4) എന്ന ഗെയിമിലാണ് വിവാദമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗെയിമിന്‍റെ തുടക്കത്തിൽ ഏതാനും സെക്കൻഡുകൾ ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉത്തര കൊറിയ, ദക്ഷിണ കൊറിയയെ പൂർണതോതിൽ ആക്രമിക്കുന്നതായി ചിത്രീകരിക്കുന്ന സാങ്കൽപ്പിക പശ്ചാത്തലമാണ് ഈ ഗെയിമിന് ഉപയോഗിച്ചിരിക്കുന്നത്.

ദുരന്ത വ്യാപ്തി ചിത്രീകരിക്കാനെന്ന്!

ഇറ്റാവോൺ ദുരന്തത്തിന്‍റെ യഥാർഥ ദൃശ്യങ്ങളിൽ, റോഡിൽ കിടക്കുന്ന ഒരാൾക്ക് മറ്റൊരാൾ സിപിആർ നൽകുന്നതും ദുരന്തത്തെത്തുടർന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ നിരനിരയായി റോഡിൽ കിടത്തിയിരിക്കുന്നതും കാണാം. ഗെയിമിൽ സാധാരണക്കാരുടെ മരണവും ദുരന്തത്തിന്‍റെ വ്യാപ്തിയും ചിത്രീകരിക്കാനാണ് ഈ ദൃശ്യങ്ങൾ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ഗെയിം നിർമ്മാതാക്കൾ മുന്നോട്ട് വയ്ക്കുന്നത്.

Scroll to load tweet…

ഒരല്പം മര്യാദ, സഹാനുഭൂതി...

'ദുരന്തം നടന്ന സ്ഥലത്ത് പരസ്പരം രക്ഷിക്കാൻ നിരവധി പേർ സിപിആർ നൽകുകയും ഇരകൾ തണുത്തുറഞ്ഞ റോഡിൽ കിടക്കുകയും ചെയ്ത ആ പരിഭ്രാന്തിയുടെയും നിസ്സഹായതയുടെയും ദൃശ്യങ്ങൾ അതേപടി ഒരു ഗെയിമിലെ രംഗം സൃഷ്ടിക്കാൻ ഉപയോഗിച്ചത് ഞങ്ങളെ അങ്ങേയറ്റം വേദനിപ്പിക്കുന്നു' എന്നാണ് മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സംഘടന പ്രസ്താവനയിൽ ആരോപിക്കുന്നത്. 'ഇരകളോട് അൽപ്പമെങ്കിലും മര്യാദയും സഹാനുഭൂതിയും ഗെയിം നിർമാതാക്കൾക്കുണ്ടെങ്കിൽ, കാലതാമസമില്ലാതെ തിരുത്തൽ നടപടികൾ സ്വീകരിക്കണം' എന്നാണ് വിവിധ സംഘടനകളുടെ കൂട്ടായ്മയുടെ ആവശ്യം.

Scroll to load tweet…

കോൾ ഓഫ് ഡ്യൂട്ടി ഗെയിം പരമ്പരയുടെ പ്രധാന നിർമാതാക്കളും ദീർഘകാല പ്രസാധകരുമാണ് ആക്ടിവിഷൻ. ഗെയിമിൽ യഥാർഥ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ആക്ടിവിഷൻ സ്ഥിരീകരിച്ചു. എന്നാൽ, ഇറ്റാവോൺ ദുരന്തത്തെയോ മറ്റേതെങ്കിലും യഥാർഥ ദുരന്തത്തെയോ പരാമർശിക്കാനോ നിസ്സാരവത്കരിക്കാനോ ഒരു തരത്തിലും ഉദ്ദേശിച്ചിരുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം വിവാദമായ ദൃശ്യങ്ങൾ ഗെയിമിൽനിന്ന് നീക്കം ചെയ്യണമെന്ന ആവശ്യത്തോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് ബിബിസിയുടെ റിപ്പോർട്ട്.

എന്താണ് ഇറ്റാവോൺ ദുരന്തം?

Scroll to load tweet…

2022 ഒക്ടോബർ 29 -ന് ഹാലോവീൻ ദിനത്തിൽ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ ഇറ്റാവോൺ വിനോദസഞ്ചാര - നിശാജീവിത മേഖലയിൽ ആൾക്കൂട്ടത്തിന്‍റെ തിക്കിലും തിരക്കിലുംപെട്ട് 150 -ലധികം പേർ മരിച്ചത്. ഈ ദുരന്തത്തിന്‍റെ നാലാം വാർഷികമാണ് ഒക്ടോബർ 29 -ന് ആചരിച്ചത്. ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി ഒരു ലക്ഷത്തിലധികം ആളുകളാണ് അന്ന് ഇറ്റാവോണിൽ ഒത്തുകൂടിയത്. ഇതിനിടെ ആയിരക്കണക്കിന് ആളുകൾ ഇടുങ്ങിയതും കുത്തനെയുള്ളതുമായ ഒരു ഇടവഴിയിലേക്ക് തള്ളിക്കയറുകയായിരുന്നു. വൻ ജനക്കൂട്ടത്തിന്‍റെ സമ്മർദത്തിൽ ആളുകൾക്കിടയിൽ കുടുങ്ങിയ പലർക്കും ശ്വസിക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായെന്ന് റിപ്പോർട്ടുകൾ. ഇത് 150 ഓളം പേരുടെ ദാരുണമായ കൂട്ടമരണത്തിലേക്ക് നയിച്ചത്.