ഒരേ ഉരലില്‍ നെല്ലിടിക്കുന്ന പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും; വ്യത്യസ്തം ഈ കാഴ്ചകള്‍

By Web TeamFirst Published Dec 16, 2019, 12:17 PM IST
Highlights

രാഷ്ട്രം എന്ന ബോധമാണ് ആദ്യം നില്‍ക്കുന്നതെന്നും ആശയങ്ങള്‍ അതിന് ശേഷമാണെന്നുമുള്ള വിശേഷണത്തോടെയാണ് പ്രതിപക്ഷ നേതാവിനൊപ്പമുള്ള ചിത്രങ്ങള്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി പങ്കുവച്ചിരിക്കുന്നത്

തിംപു (ഭൂട്ടാന്‍): ഒരേ താല്‍പര്യത്തിന് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ക്കുമ്പോള്‍ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ക്ക് നെറ്റി ചുളിക്കാനുള്ള അവസരമാണ് പ്രതിപക്ഷ നേതാവിനെ ചേര്‍ത്ത് നിര്‍ത്തുന്ന ഈ പ്രധാനമന്ത്രി നല്‍കുന്നത്. ഇന്ത്യയുടെ അയല്‍രാജ്യമായ ഭൂട്ടാനില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ദേശീയ ദിനാചരണത്തിന് വേണ്ടിയാണ് ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടേ ഷെറിങും പ്രതിപക്ഷ നേതാവ് പേമാ ഗ്യാംഷോയും ഒന്നിച്ച് എത്തിയത്. 

രാഷ്ട്രം എന്ന ബോധമാണ് ആദ്യം നില്‍ക്കുന്നതെന്നും ആശയങ്ങള്‍ അതിന് ശേഷമാണെന്നുമുള്ള വിശേഷണത്തോടെയാണ് പ്രതിപക്ഷ നേതാവിനൊപ്പമുള്ള ചിത്രങ്ങള്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി പങ്കുവച്ചിരിക്കുന്നത്. ലിംഗ, പ്രായ, സാമൂഹിക ചുറ്റുപാടുകളിലെ അന്തരം കണക്കാക്കാതെ എല്ലാവരും രാഷ്ട്രത്തിനായി ഒന്നിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ലോട്ടേ ഷെറിങ് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്. 

വാങ്ചുക്ക് രാജവംശത്തോടുള്ള രാഷ്ട്രത്തിന്‍റെ കൃതജ്ഞതാ പ്രകാശനമാണ് ഈ വേളയില്‍ പ്രകടമാവുന്നത്. പൊതുതാല്‍പര്യങ്ങളായ പുരോഗതിയും, സ്ഥിരതയും, സന്തോഷവും ഊര്‍ജസ്വലനായ രാജാവിന് കീഴില്‍ രാജ്യം നേടുമെന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാവിന് സംശയമില്ലെന്നും പ്രധാനമന്ത്രി ലോട്ടേ ഷെറിങ് കുറിപ്പില്‍ പറയുന്നു. രാജാവിന് കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും ശക്തമായ പ്രതിപക്ഷവും രാഷ്ട്രതാല്‍പര്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവുമായുള്ള സംസാരത്തില്‍ നിന്ന് വിശദമായതായി പ്രധാനമന്ത്രി വിശദമാക്കി. കുറ്റമറ്റ സര്‍ക്കാരിന് ശക്തമായ ഒരു പ്രതിപക്ഷം അനിവാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.

ദേശീയ ദിനാചരണത്തിനായുള്ള പൂര്‍ണമായും പരമ്പരാഗത രീതിയിലുള്ള ഒരുക്കങ്ങളിലും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും  തോളോട് തോള്‍ ചേര്‍ന്നതിനെതിരെ രൂക്ഷമായ വിമര്‍ശനമുയരുന്നതിനിടെയാണ് ഭൂട്ടാനില്‍ നിന്നുള്ള ഈ അപൂര്‍വ്വ സൗഹൃദത്തിന്‍റെ ചിത്രങ്ങള്‍ എത്തുന്നത്. 


 

click me!