ബ്രിട്ടനില്‍ കോര്‍ബിന് പകരം ഇന്ത്യന്‍ വംശജ ലിസ നന്ദി വരുമോ...?; ലേബര്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം

By Web TeamFirst Published Dec 15, 2019, 10:04 PM IST
Highlights

കൊല്‍ക്കത്തയില്‍ ജനിച്ച മാര്‍ക്സിസ്റ്റ് ചിന്തകന്‍ ദീപക് നന്ദിയാണ് ലിസ നന്ദിയുടെ പിതാവ്. 1956ലാണ് ദീപക് നന്ദി ബ്രിട്ടനില്‍ എത്തുന്നത്. പിന്നീട് ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ അധ്യാപകനായി.

ലണ്ടന്‍: പൊതു തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടിയുടെ തലവന്‍ ജെറമി കോര്‍ബിന്‍ ഒഴിയുന്ന സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജയും ലേബര്‍ പാര്‍ട്ടിയുടെ വനിതാ നേതാവുമായ ലിസ നന്ദിക്ക് സാധ്യത. ലേബര്‍ പാര്‍ട്ടിയുടെ തോല്‍വിക്കിടയിലും ലിസയുടെ മിന്നുന്ന വിജയമാണ് പാര്‍ട്ടി തലപ്പത്തേക്ക് അവരെ പരിഗണിക്കാന്‍ കാരണം. വിഗാന്‍ സീറ്റില്‍ നിന്നാണ് 40കാരിയായ ലിസ പാര്‍ലമെന്‍റിലെത്തിയത്. 

തോല്‍വിയെ തുടര്‍ന്ന് ഇനി പാര്‍ട്ടിയെ നയിക്കാന്‍ താനില്ലെന്ന് കോര്‍ബിന്‍ വ്യക്തമാക്കിയിരുന്നു. പകരം സ്ഥാനത്തേക്ക് ലിസയെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

2010 മുതല്‍ എംപിയാണ് ലിസ നന്ദി. ലേബര്‍ പാര്‍ട്ടിയില്‍ കോര്‍ബിന്‍റെ നയങ്ങളോട് അനുഭാവം പുലര്‍ത്തുന്ന നേതാവായിരുന്നു ലിസ. അതേസമയം, പാര്‍ട്ടിയിലെ തീവ്ര ഇടതുപക്ഷം സാല്‍ഫോര്‍ഡ് എംപി റെബേക്ക ലോങ് ബെയ്‍ലിയെയാണ് പിന്താങ്ങുന്നത്. പാര്‍ട്ടിയുടെ പരാജയത്തില്‍ മാപ്പ് ചോദിച്ച് കോര്‍ബിന്‍ പ്രമുഖ പത്രങ്ങളില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 

കൊല്‍ക്കത്തയില്‍ ജനിച്ച മാര്‍ക്സിസ്റ്റ് ചിന്തകന്‍ ദീപക് നന്ദിയാണ് ലിസ നന്ദിയുടെ പിതാവ്. 1956ലാണ് ദീപക് നന്ദി ബ്രിട്ടനില്‍ എത്തുന്നത്. പിന്നീട് ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ അധ്യാപകനായി. 1972ലാണ് ലൂസി ബയേഴ്സിനെ വിവാഹം ചെയ്തു. 1964 മുതല്‍ 1967 വരെ പ്രശസ്തമായ കാമ്പെയിന്‍ ഫോര്‍ റേഷ്യല്‍ ഇക്വാലിറ്റിയുടെ ചെയര്‍മാനാവായിരുന്നു ദീപക് നന്ദി. 

click me!