
വാഷിങ്ടൺ: കുടിയേറ്റത്തെ ഉൾക്കൊള്ളാൻ കഴിയാത്ത സെനോഫോബിക് (അപരിചിതരേയും വിദേശികളെയും വെറുക്കുന്ന അവസ്ഥ) സ്വഭാവം ജപ്പാനുമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുഎസ്-ജപ്പാൻ സഖ്യത്തെ പ്രശംസിച്ച് ദിവസങ്ങൾക്ക് പിന്നാലെയാണ് ജപ്പാനെ സെനോഫോബിക് എന്ന് വിശേഷിപ്പിച്ച് ബൈഡൻ രംഗത്തെത്തിയത്. വാഷിംഗ്ടൺ ഡിസിയിലെ ധനസമാഹരണ ചടങ്ങിലാണ് സഖ്യകക്ഷിയായ ജപ്പാനെ സെനോഫോബിക് എന്ന് വിളിച്ചത്. കുടിയേറ്റത്തെ സ്വാഗതം ചെയ്യുകയാണെങ്കിൽ ഇന്ത്യ, റഷ്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് ഓഫ് ക്യാമറ പരിപാടിയിൽ പ്രസിഡൻ്റ് പറഞ്ഞു.
അമേരിക്കൻ സമ്പദ് വ്യവസ്ഥ വളരുന്നതിന്റെ പ്രധാന കാരണം കുടിയേറ്റത്തെ സ്വാഗതം ചെയ്യുന്നത് കൊണ്ടാണെന്നും ചൈന, ഇന്ത്യ, റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സെനോഫോബിക് ആണെന്നും ബൈഡൻ പറഞ്ഞു. എന്നാൽ, വൈറ്റ് ഹൗസ് പിന്നീട് ഇന്ത്യയെ പട്ടികയിൽ നിന്ന് നീക്കി. ജപ്പാനെയും ഇന്ത്യയെയും സെനോഫോബിക് എന്ന് വിശേഷിപ്പിക്കുന്നതിലൂടെ വിശാലമായ കാര്യം പറയാനാണ് ബൈഡൻ ശ്രമിച്ചതെന്ന് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു. അതേസമയം, ജപ്പാനുമായുള്ള അമേരിക്കയുടെ ബന്ധം സുദൃഢമാണെന്നും അഭിപ്രായത്തിൽ മാറ്റം വരുത്തണമോ എന്നകാര്യം പ്രസിഡന്റിന്റെ തീരുമാനമാണെന്നും ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി കഴിഞ്ഞ ദിവസം പറഞ്ഞു.
വൈറ്റ് ഹൗസും ജപ്പാൻ്റെയോ ഇന്ത്യയുടെയോ സർക്കാരുകൾ തമ്മിലുള്ള ആശയവിനിമയത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുടെ സ്വാധീനത്തിനെതിരായ നീക്കത്തിൽ ഇന്ത്യയും ജപ്പാനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ബൈഡന്റെ പ്രസ്താവനയെന്നും ശ്രദ്ധേയം. ഏപ്രിലിൽ വൈറ്റ് ഹൗസിൽ നടന്ന സംസ്ഥാന അത്താഴ വിരുന്നിൽ, ജപ്പാനും യുഎസും ഒരേ മൂല്യങ്ങളും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും പങ്കിടുന്ന രാജ്യങ്ങളാണെന്ന് ബൈഡൻ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam