ഇറാൻ വിഷയത്തിൽ പരസ്പര വിരുദ്ധ പ്രസ്താവനകളുമായി ട്രംപ്. യുദ്ധം ഏകദേശം പൂർത്തിയായെന്ന് പറഞ്ഞ ട്രംപ് മണിക്കൂറുകൾക്കുള്ളിൽ യുദ്ധം തുടരുമെന്ന് പറഞ്ഞു.

വാഷിങ്ടൺ: ഇറാൻ വിഷയത്തിൽ പരസ്പര വിരുദ്ധ പ്രസ്താവനകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ഏകദേശം പൂർത്തിയായെന്ന് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ ഈ പരാമർശം ആവർത്തിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. ഹോർമൂസ് കടലിടുക്ക് അമേരിക്ക ഏറ്റെടുക്കുന്നത് പരിഗണനയിൽ ആണ്. എണ്ണ വില കുറയ്ക്കാൻ ചില രാജ്യങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ട്രംപ് പറഞ്ഞു.

ഇറാനെതിരെയുള്ള സൈനിക നടപടികൾ എന്ന് അവസാനിക്കും എന്നതിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകളാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. എണ്ണ വില ആ​ഗോളതലത്തിൽ ഉയരുന്നതും ഓഹരി വിപണിയുടെ മൂല്ല്യം കുറയുന്നതും വൈറ്റ് ഹൗസിനെ വലിയ രീതിയിൽ സമ്മർദത്തിലാക്കിയിരുന്നു. യുദ്ധം ഏകദേശം പൂർത്തിയായിരിക്കുന്നുവെന്നാണ് ടെലിവിഷൻ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. എന്നാൽ, അതിവേ​ഗത്തിൽ ഇറാന്റെ സൈനിക ശേഷി നശിപ്പിക്കാനായെന്നും മിസൈൽ ലോഞ്ചറുകൾ 90 ശതമാനം തകർത്തെന്നുമാണ് പറഞ്ഞത്. തുടർന്ന് ഏതാനും മണിക്കൂറുകൾക്കകം റിപ്പബ്ലിക്കൻ പാർട്ടിയിലെ യോ​ഗത്തിൽ ശത്രുവിനെ പൂർണമായും പരാജയപ്പെടുത്തുന്നത് വരെ യുദ്ധം തുടരുമെന്നും അതുവരെ അമേരിക്ക പിന്മാറില്ലെന്നുമാണ് ട്രംപ് പറ‍ഞ്ഞത്. ഈ ആഴ്ച യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തത് നിരാശാജനകമായ ഒരു തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.