
വാഷിംഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നുള്ള ബൈഡന്റെ പിൻമാറ്റം ട്രംപിന് ഒരേസമയം നേട്ടവും വെല്ലുവിളിയുമാണ്. കമല ഹാരിസിനാകട്ടെ അപ്രതീക്ഷിതമായ ഒരു മുന്നേറ്റവും. ഒറ്റ സംവാദം കൊണ്ട് ബൈഡന്റെ കഥ കഴിച്ചുവെന്ന് ട്രംപിന് അവകാശപ്പെടാം. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇപ്പോഴെ വിജയിച്ച് കഴിഞ്ഞുവെന്നാകും ട്രംപിന്റെ ഇനിയുള്ള പ്രചാരണം. തനിക്കെതിരെ മത്സരിക്കാൻ ബൈഡൻ വേണോ കമല വേണോയെന്ന് അനുയായികളോട് ചോദിച്ചായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം വേദിയിലെത്തിയത്. ബൈഡൻ എന്നായിരുന്നു സദസിന്റെ മറുപടി.
അതേസമയം ജോ ബൈഡനെ പിന്തുണയ്ക്കാൻ മടി കാട്ടിയ ഡെമോക്രാറ്റുകൾക്ക് ഒരു പക്ഷേ പുതിയ വീര്യം നൽകുന്നതാകാം കമല ഹാരിസിന്റെ പേര്. ഒടുവിൽ നടന്ന സർവെയിൽ പാർട്ടിയിലെ 10ൽ 6 പേരും കമലയെ പിന്തുണയ്ക്കുന്നവരാണ്. സംഭാവന നൽകാൻ മടിച്ചിരുന്നവരടക്കം കമലയ്ക്ക് പിന്നിൽ ഉറച്ചുനിൽക്കുമെന്നാണ് കരുതുന്നത്. പിന്തുണ തേടി കമല ഹാരിസ് നീക്കങ്ങൾ സജീവമാക്കി. കമലയെ പിന്തുണച്ച് ബിൽ ക്ലിന്റണും ഹിലരി ക്ലിന്റണും രംഗത്തെത്തി കഴിഞ്ഞു.
അപ്പോഴും ബരാക്ക് ഒബാമ ബൈഡന്റെ നിർദേശത്തെ കുറിച്ച് ഇതുവരെ പ്രതികരിക്കാത്തതും ശ്രദ്ധേയമാണ്. വൈസ് പ്രസിഡന്റ് പദവിയിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കമലയ്ക്കായില്ലെന്ന് വിമർശിക്കുന്നവർ പാർട്ടിക്കകത്ത് തന്നെയുണ്ട്. കമലയ്ക്കൊപ്പം ഉയർന്ന കേട്ട ഗവിൻ നൂസം, ഗ്രെച്ചെൻ വിറ്റ്മർ, ആന്റി ബിഷിയർ തുടങ്ങിയവരെല്ലാം ബൈഡന്റെ അഭാവത്തിൽ തലപൊക്കുമോയെന്നും കണ്ടറിയണം. അങ്ങനെയെങ്കിൽ ട്രംപിന് കാര്യങ്ങൾ കുറേകൂടി അനുകൂലമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam